തെരഞ്ഞെടുപ്പ് പ്രചാരണ പദ്ധതികള്‍ നയിക്കുന്നത് കസ്റ്റംസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് തെളിവാണ് മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമെതിരെ സത്യവാങ്‌മൂലം നല്‍കിയത്. കൃത്യമായ കളികള്‍ ചിലത് നടക്കുന്നുണ്ടെന്നും പിണറായി ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ അക്രമോത്സുകത കൂടിയിരിക്കുകയാണ്. കിഫ്‌ബിക്കെതിരായ നീക്കം അതിന്‍റെ ഭാഗമായിരുന്നു. പിന്നാലെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും സ്പീക്കര്‍ക്കുമെതിരെ സത്യവാങ്മൂലം നല്‍കിയിരിക്കുന്നു. മറ്റൊരു ഏജന്‍സിക്ക് മുന്നിലും പറയാത്ത മഹാകാര്യം കസ്റ്റംസിന് മുന്നില്‍ സ്വപ്‌ന സുരേഷ് പറഞ്ഞെങ്കില്‍ അതിന്‍റെ കാരണം എന്തായിരിക്കും? - പിണറായി ചോദിച്ചു.
പ്രതിപക്ഷത്തിനും ബി ജെ പിക്കും പ്രയോജനമുണ്ടാക്കാനുള്ള വിടുവേലയാണ് കേന്ദ്ര ഏജന്‍സി ചെയ്യുന്നത്. തെളിവുകളില്ലാതെ ഏജന്‍സിക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല. എന്നാല്‍ അതെല്ലാം മറന്ന് രാഷ്‌ട്രീയ പ്രസ്താവന നല്‍കുന്ന രീതിയാണ് ഏജന്‍സി അവലംബിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.