Rahul Mamkootathil: 'ഒന്നും രണ്ടുമല്ല, ആറ് പരാതികള്‍'; രാഹുല്‍ മാങ്കൂട്ടത്തിലിനു കുരുക്ക്, ഇരയായ യുവതിയും മുന്നോട്ടുവന്നേക്കും
ഡിജിപിയുടെ ഓഫീസിനു ലഭിച്ച ആറ് പരാതികള്‍ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചിട്ടുണ്ട്
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി ക്രൈം ബ്രാഞ്ച്. സ്ത്രീകളെ പിന്തുടര്‍ന്നു ശല്യപ്പെടുത്തിയെന്ന കേസില്‍ ക്രൈം ബ്രാഞ്ച് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി. പരാതിക്കാരില്‍ ഒരാളായ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്റെ മൊഴിയാണ് രേഖപ്പെടുത്തുന്നത്.
ഡിജിപിയുടെ ഓഫീസിനു ലഭിച്ച ആറ് പരാതികള്‍ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ടു പുറത്തുവന്ന ശബ്ദസന്ദേശങ്ങളുടെയും വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് ഷിന്റോ പരാതി നല്‍കിയിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച യുവതികളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. ആരും ഇതുവരെ പൊലീസില്‍ നേരിട്ടു പരാതിപ്പെട്ടിട്ടില്ല. ഗര്‍ഭഛിദ്രത്തിനു രാഹുല്‍ നിര്‍ബന്ധിക്കുന്ന കോള്‍ റെക്കോര്‍ഡിങ് നേരത്തെ പുറത്തുവന്നിരുന്നു. ഇരയായ ഈ യുവതി രാഹുലിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ മുന്നോട്ടുവന്നേക്കും.
വിശദമായ അന്വേഷണത്തിനൊടുവില്‍ മാത്രമേ രാഹുലിനെ ചോദ്യം ചെയ്യുന്നതു സംബന്ധിച്ചുള്ള തീരുമാനത്തിലേക്ക് എത്തുകയുള്ളു. പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, അശ്ലീല സന്ദേശമയയ്ക്കല്‍ എന്നിവയ്ക്കാണു നിലവില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരം കേസെടുത്തിരിക്കുന്നത്.