Publish Date: Tue, 08 Sep 2020 (17:22 IST)
Updated Date: Tue, 08 Sep 2020 (17:24 IST)
കാസര്‍കോട്ടെ ചെങ്കളയില്‍ മൂന്നംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി തയ്യല്‍ തൊഴിലാളി മിഥിലാജ് (55), ഭാര്യ പൊവ്വല്‍ മാസ്തിക്കുണ്ട് സ്വദേശിനി സാജിദ (33), മകന്‍ ഫഹദ് (13) എന്നിവരെയാണ് ചെങ്കള തൈവളപ്പില്‍ ക്വര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ ഇവരുടെ ക്വര്‍ട്ടേഴ്സിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പതിനൊന്നു മണിയോടെ അയല്‍വാസികള്‍ നോക്കിയപ്പോഴാണ് സംഭവം പുറത്തായത്. വിദ്യാ നഗര്‍ പോലീസ് വിവരം അറിഞ്ഞെത്തി
വാതില്‍ പൊളിച്ചു വീട് തുറന്നു നോക്കിയപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചു മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.
വിഷം കഴിക്കാന്‍ ഉപയോഗിച്ച ഗ്ലാസുകളും മൃതദേഹങ്ങള്‍ക്കരികില്‍ കണ്ടെത്തി. മിഥിലാജും സാജിദയും ഇന്ദിരാ നഗറില്‍ തയ്യല്‍കട നടത്തി വരികയായിരുന്നു. കോവിഡ് വ്യാപനം മൂലം മാസങ്ങളായി തൊഴിലും വരുമാനവും ഇല്ലാതിരുന്ന ഇവര്‍ക്ക് ബന്ധുക്കളുമായും അടുത്ത ബന്ധമില്ലായിരുന്നു എന്ന് അയല്‍ക്കാര്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയാവാം ആത്മഹത്യയ്ക്ക് കാരണം എന്നാണു നിഗമനം. മകന്‍ ഫഹദ് അടുക്കത്ത് ബയല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.