Publish Date: Tue, 17 Feb 2026 (22:31 IST)
Updated Date: Tue, 17 Feb 2026 (22:37 IST)
അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഹു ഉത്സവം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സുതാര്യമായും നിഷ്പക്ഷമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ കാഴ്ചപ്പാടുകളും ആശങ്കകളും നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കാന്‍ കമ്മീഷന്‍ അവസരം നല്‍കി. തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായോ പരമാവധി രണ്ട് ഘട്ടങ്ങളായോ നടത്തണമെന്ന് ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടു. ബിഹു ഉത്സവം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിക്കണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
അസമിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവെ അഭിനന്ദിച്ചു. സംസ്ഥാനത്ത് സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും പാര്‍ട്ടികള്‍ മുന്നോട്ടുവെച്ചു. പൂര്‍ണ്ണ നിഷ്പക്ഷതയോടെ പ്രവര്‍ത്തിക്കാനും രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതികള്‍ക്കും ആവലാതികള്‍ക്കും വേഗത്തില്‍ പരിഹാരം കാണാനും എല്ലാ ഡിഇഒമാര്‍ക്കും എസ്പിമാര്‍ക്കും സംസ്ഥാന ഭരണകൂടത്തിനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
വോട്ടിംഗ് കേന്ദ്രങ്ങള്‍ ഉത്സവ പ്രതീതിയുള്ളതും ആകര്‍ഷകവും വോട്ടര്‍ സൗഹൃദവുമാക്കി മാറ്റുന്നതിലൂടെ വോട്ടര്‍മാര്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ പരിശ്രമിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മീഡിയയിലെ വ്യാജവാര്‍ത്തകള്‍ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ഉചിതമായ നിയമനടപടികളുമായി വേഗത്തില്‍ പ്രതികരിക്കാനും എല്ലാ ഡിഇഒമാര്‍ക്കും എസ്പിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.