Publish Date: Tue, 17 Feb 2026 (22:06 IST)
Updated Date: Tue, 17 Feb 2026 (22:11 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ ഇനി 12 മണി വരെ പ്രവര്‍ത്തിക്കും. ബാറുകളുടെ പ്രവര്‍ത്തന സമയം 2 മണിക്കൂറാണ് കൂട്ടുക.
നിലവില്‍ രാവിലെ 11മണിക്ക് തുറന്ന് രാത്രി 11 മണിക്ക് അടയ്ക്കുന്ന രീതിയിലാണ് സമയക്രമം. ഇനി രാവിലെ 10 മുതല്‍ രാത്രി 12 വരെ ആക്കും.ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാര്‍, ഹോട്ടല്‍ ഉടമകളുടെയും മദ്യപിക്കുന്നവരുടെയുംദീര്‍ഘകാലത്തെ ആവശ്യമാണ് നടപ്പാകാന്‍ പോകുന്നത്. നേരത്തെ ടൂറിസം മേഖലയില്‍ മാത്രം രാത്രി 12 വരെ ബാറുകളും ഹോട്ടലുകളും തുറന്നിരിക്കാന്‍ അനുവാദം നല്‍കിയിരുന്നു. ഇത് വിവേചനമാണെന്ന് സംസ്ഥാനത്തെ ബാറുടമകള്‍ ചൂണ്ടിക്കാട്ടാന്‍ തുടങ്ങിയിട്ട് നാളേറെയായി. സംസ്ഥാനത്തെ എല്ലാ ബാറുകളുടെയും ഹോട്ടലുകളുടെയും സമയക്രമം ഏകീകരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
ഇതോടൊപ്പം വിനോദസഞ്ചാര മേഖലകളിലെ ബാറുകളുടെ പ്രവര്‍ത്തന സമയം ഇനിയും കൂട്ടുമെന്നും വിവരമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ബാറുകള്‍ക്ക് പുലര്‍ച്ചെ മൂന്ന് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും. ഇതുകൂടാതെ ബിസിനസ് ചര്‍ച്ചകള്‍ക്കും മറ്റുമായി ഒത്തുകൂടുന്ന ഹോട്ടലുകളിലും പുലര്‍ച്ചെ മൂന്ന് വരെ മദ്യം വിളമ്പാന്‍ അനുമതി നല്‍കിയേക്കും. ഇങ്ങനെ അധികസമയം മദ്യം വിളമ്പുന്നതിന് സര്‍ക്കാര്‍ പ്രത്യേക ഫീസ്ഈടാക്കിയേക്കും.
സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഗുണം കിട്ടുന്ന തീരുമാനമായാണ് ബാര്‍ സമയം നീട്ടുന്നത് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്. കൂടാതെ നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കാനും ഈ തീരുമാനത്തിലൂടെ സാധിക്കും. ഏറെ നഗരവല്‍ക്കരിക്കപ്പെട്ടസംസ്ഥാനമെന്ന നിലയ്ക്ക് രാത്രികാല ജീവിതം പ്രോത്സാഹിപ്പിക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണകരമാകും. നഗരവല്‍ക്കരണം വലിയ തോതില്‍ നടന്ന സംസ്ഥാനമായിട്ടും കേരളത്തില്‍ നൈറ്റ് ലൈഫ് വളരെ കുറവാണ്. കൊച്ചിയില്‍ പോലും ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ കാണുന്ന അളവിലുള്ള രാത്രിജീവിതമില്ല. ഇത് ടൂറിസം വളര്‍ച്ചയ്ക്കും ഗുണകരമല്ലാത്ത കാര്യമായാണ് വിലയിരുത്തപ്പെട്ടിരുന്നത്.2025 ജനുവരി വരെയുള്ള കണക്കനുസരിച്ച് കേരളത്തിലാകെ 847 ബാര്‍ ലൈസന്‍സുകളാണ് നിലവിലുള്ളത്. 289 ബവ്‌കോ ഔട്ലെറ്റുകളും സംസ്ഥാനത്തുണ്ട്.