Publish Date: Mon, 05 Aug 2024 (13:19 IST)
Updated Date: Mon, 05 Aug 2024 (13:29 IST)
കുളത്തില്‍ കുളിച്ചതിന് പിന്നാലെ മസ്തിഷ്‌ക ജ്വരം വന്ന് യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ ഇതേ കുളത്തിലിറങ്ങിയ നാലുപേര്‍ക്ക് കടുത്ത പനി ബാധിച്ചു. കൂടാതെ ഇതിലൊരാള്‍ക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. നാലുപേരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെയാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കണ്ണറവിള പൂതംകോട് അനുലാല്‍ ഭവനില്‍ 27കാരനായ അഖില്‍ കഴിഞ്ഞ 23ന് ആണു മരിച്ചത്. തുടക്കത്തില്‍ വീടിനു സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തി. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്കിടെ മരിച്ചു. ഇപ്പോള്‍ പ്ലാവറത്തലയില്‍ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗര്‍ ധനുഷ് (26) എന്നിവരാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ അനീഷിനാണു മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. മറ്റുള്ളവര്‍ക്കും സമാന ലക്ഷണങ്ങളുള്ളതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.