Publish Date: Sun, 21 Apr 2024 (14:34 IST)
Updated Date: Sun, 21 Apr 2024 (14:38 IST)
തിരുവനന്തപുരം: ആളില്ലാത്ത സമയ ത്തു വീട്ടിൽ നിന്ന് 15 പവൻ്റെ സ്വർണ്ണം കവർന്ന കേസിൽ മുൻ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് ബോട്ടു പുര പുന്നയ്ക്കൽ തോപ്പ് ഷിജിൻ മുഹമ്മദ് എന്ന 26 കാരനാണ് കരമന പോലീസിൻ്റെ പിടിയിലായത്.
കഴിഞ്ഞ ഒൻപതാം നീയതി കള്ളിപ്പാലം കീഴാറന്നൂർ ലെയിനിൽ മൊയ്തീൻ ജാഗിർ ബാബുവിൻ്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. രാത്രി വീട്ടുകാർ പുറത്തു പോയ സമയത്തായിരുന്നു മോഷണം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
ഒരു വർഷം മുമ്പ് വരെ ഷിജിൻ ഇവിടത്തെ ഡ്രൈവറായിരുന്നു. ഈ സമയം ഇയാൾ വീട്ടുടമയുടെ മകൻ്റെ ബാഗിൽ നിന്ന് മുൻ വാതിലിൻ്റെ താക്കോൽ കൈക്കലാക്കിയിരുന്നു. ഇതുപയോഗിച്ചായിരുന്നു ഇയാൾ വീടു തുറന്ന് അകത്തു കയറി മോഷണം നടത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.