ഐപിഎല്ലിൽ പ്ലേ ഓഫ് മത്സരങ്ങൾ തുടങ്ങാനിരിക്കവെ നിലവിൽ മുംബൈ മാത്രമാണ് പ്ലേ ഓഫിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്. എങ്കിലും ഡൽഹിയും ബാംഗ്ലൂരും ഏറെക്കുറെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച നിലയിലാണ്. ശേഷിക്കുന്ന മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടിയാൽ ഇരുടീമുകൾക്കും പ്ലേ ഓഫിലെത്താം. എന്നാൽ പ്ലേ ഓഫിൽ നാലാമതായി എത്താൻ ഇക്കുറി മത്സരിക്കുന്നത് നാല് ടീമുകളാണ്.
കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരാണ് നാലാം സ്ഥാനത്തെത്താന്‍ മത്സരിക്കുന്നത്. ഇതിൽ റൺറേറ്റിന്റെ ബലത്തിൽ ഹൈദരാബാദിനാണ് മുൻതൂക്കം. പക്ഷേ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ വിജയിക്കണം എന്ന കടമ്പയും ഹൈദരാബാദിന് മുന്നിലുണ്ട്.
അതേസമയം റൺറേറ്റ് കുറവുള്ള കൊൽക്കത്തയ്ക്ക് രാജസ്ഥാനെതിരെ വമ്പന്‍ ജയം നേടുകയും പഞ്ചാബും ഹൈദരാബാദും തോല്‍ക്കുകയും ചെയ്താലേ പ്ലേ ഓഫിലെത്താൻ സാധിക്കുകയുള്ളു. രാജസ്ഥാനെതിരെ തോറ്റതോട് കൂടി ചെന്നൈക്കെതിരായ അടുത്ത കളിയിൽ വിജയിക്കുക മാത്രമല്ല മികച്ച വിജയവും പഞ്ചാബിന് നേടേണ്ടതുണ്ട്. കൂടാതെ ഹൈദരാബാദ് വിജയിക്കാതിരിക്കുകയും വേണം.
അതേസമയം രാജസ്ഥാനാകട്ടെ ഇനി കൊൽക്കത്തയ്‌ക്കെതിരെ നടക്കുന്ന മത്സരം വൻ മാർജിനിൽ ജയിക്കുകയും മറ്റ് മത്സരങ്ങളിൽ ഹൈദരാബാദും പഞ്ചാബും പരാജയപ്പെടുകയും വേണം.