ടി20 ക്രിക്കറ്റിൽ ലോകം കണ്ട മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാൾ താൻ തന്നെയെന്ന് തെളിയിച്ച് ക്രിസ് ഗെയ്‌ൽ. രാജസ്ഥാൻ റോയൽസിനെതിരെ 99 റൺസടിച്ച് ടീമിന്റെ ടോപ് സ്കോററായാണ് മത്സരത്തിൽ പ്രായം തന്റെ പ്രകടനൻങൾക്ക് തടസ്സമല്ലെന്ന് ഗെയ്‌ൽ പ്രഖ്യാപിച്ചത്. ഇതിനിടെ ഗാലറിയിലേക്ക് പറത്തിവിട്ടതാകട്ടെ 8 സിക്‌സറുകൾ. ഇതിൽ ഏഴാം സിക്‌സ് കണ്ടെത്തിയതോടെ ടി20 ചരിത്രത്തിൽ 1000 സിക്‌സറുകൾ പൂർത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡും ഗെയ്‌ൽ സ്വന്തം പേരിൽ കുറിച്ചു.
410 ടി20 മത്സരങ്ങളിൽ നിന്നാണ് 1000 സിക്‌സറുകൾ എന്ന നേട്ടം ഗെയ്‌ൽ സ്വന്തമാക്കിയത്. മറ്റൊരു ബാറ്റ്സ്മാൻ പോലും ഗെയ്‌ലിന്റെ പരിസരത്തില്ല എന്നതാണ് ശ്രദ്ധേയം.524 മത്സരങ്ങളില്‍ നിന്ന് 690 സിക്സ് പറത്തിയിട്ടുള്ള കീറോണ്‍ പൊള്ളാര്‍ഡാണ് പട്ടികയില്‍ ഗെയ്‌ലിന്റെ പിന്നിൽ രണ്ടാമതുള്ള ബാറ്റ്സ്മാൻ. 370 മത്സരങ്ങളില്‍ 485 സിക്സ് പറത്തിയിട്ടുള്ള ബ്രണ്ടന്‍ മക്കല്ലം പട്ടികയിൽ മൂന്നമതാണ്.
അതേസമയം ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ 8 സിക്‌സറുകൾ പറത്തിയതോടെ ഈ സീസണ്‍ ഐപിഎല്ലില്‍ സിക്സുകളുടെ എണ്ണത്തില്‍ നിക്കോളാസ് പൂറാന് പിന്നില്‍ മൂന്നാമത് എത്താനും ഗെയ്‌ലിനായി. ഐപിഎല്ലിന്റെ തുടക്കത്തിലെ ആറ് മത്സരങ്ങളിൽ കളിക്കാതെയാണ് ഗെയ്‌ൽ വമ്പൻ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.