Suryakumar Yadav: സൂര്യകുമാർ യാദവ് മുംബൈ വിടുന്നു; കൊൽക്കത്തയിലേക്ക്
മുൻ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കാണ് സൂര്യയുടെ കൂടുമാറ്റം
Publish Date: Fri, 19 Jun 2026 (08:05 IST)
Updated Date: Fri, 19 Jun 2026 (08:07 IST)
Suryakumar Yadav: മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയുമായി അകൽച്ചയിൽ കഴിയുന്ന സൂര്യകുമാർ യാദവ് പുതിയ ഫ്രാഞ്ചൈസിയിലേക്ക്. അടുത്ത സീസണിനു മുന്നോടിയായി ടീം മാറ്റം ഉണ്ടാകും. തന്നെ റിലീസ് ചെയ്യണമെന്ന് മുംബൈ മാനേജ്‌മെന്റിനോടു സൂര്യ ആവശ്യപ്പെട്ടതായാണ് വിവരം.
മുൻ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കാണ് സൂര്യയുടെ കൂടുമാറ്റം. കൊൽക്കത്ത ഫ്രാഞ്ചൈസിയുമായി സൂര്യ അനൗദ്യോഗിക ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുണ്ട്. സൂര്യ കൊൽക്കത്തയിലേക്ക് എത്തിയാൽ നായകസ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്.
കൊൽക്കത്തയുടെ നിലവിലെ നായകൻ അജിങ്ക്യ രഹാനെയെ അടുത്ത സീസണിനു മുന്നോടിയായി റിലീസ് ചെയ്യും. അങ്ങനെ വന്നാൽ അടുത്ത സീസണിൽ സൂര്യയ്ക്കു ക്യാപ്റ്റൻസി ലഭിക്കും. 38 കാരനായ രഹാനെയ്ക്ക് ഐപിഎലിൽ തുടർന്നു കളിക്കാൻ കഴിയുമോ എന്ന കാര്യത്തിലും കൊൽക്കത്ത മാനേജ്‌മെന്റിനു സംശയമുണ്ട്. ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 135.08 സ്ട്രൈക് റേറ്റിൽ 335 റൺസാണ് അജിങ്ക്യ രഹാനെ നേടിയത്.
സൂര്യ കൊൽക്കത്തയിലേക്ക് എത്താനാണ് സാധ്യതയെന്ന് കൊൽക്കത്തയുടെ മുൻതാരം കൂടിയായ റോബിൻ ഉത്തപ്പയും പറഞ്ഞു. 2018 ലാണ് സൂര്യ കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് എത്തുന്നത്. മുംബൈ വിട്ടാൽ സൂര്യയെ സ്വന്തമാക്കാൻ കൂടുതൽ സാധ്യത കൊൽക്കത്തയാണെന്നാണ് ഉത്തപ്പ പറഞ്ഞത്.