Select Your Language

Notifications

webdunia
webdunia
webdunia
webdunia

താരങ്ങൾ ഇനി 'അച്ചടക്കം' ശീലിക്കണം; ഐപിഎല്ലിൽ കർശന പെരുമാറ്റച്ചട്ടവുമായി ബിസിസിഐ

പരിശീലന വേളയില്‍ കളിക്കാരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഡ്രസ്സിംഗ് റൂമിലോ മൈതാനത്തോ പ്രവേശനമുണ്ടാകില്ല. ഇവര്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഹോസ്പിറ്റാലിറ്റി ഏരിയയില്‍ നിന്ന് പരിശീലനം കാണാം.

BCCI, IPL, IPL New codes, Cricket News
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന്റെ മാറ്റ് കൂട്ടാന്‍ പുതിയ പരിഷ്‌കാരങ്ങളുമായി ബിസിസിഐ. 2026 സീസണ്‍ മുതല്‍ കളിക്കാരുടെ പരിശീലനം, വസ്ത്രധാരണം, പെരുമാറ്റം എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലീഗിന്റെ പ്രൊഫഷണലിസം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
 
പരിശീലനത്തിലും ഡ്രസ്സ് കോഡിലും മാറ്റം
 
പുതിയ നിയമപ്രകാരം പരിശീലന സമയത്ത് കളിക്കാര്‍ ഔദ്യോഗിക ടീം കിറ്റുകള്‍ മാത്രമേ ധരിക്കാവൂ. പരിശീലന സെഷനുകളുടെ കൃത്യനിഷ്ഠയില്‍ വിട്ടുവീഴ്ച പാടില്ല. ഓരോ ഫ്രാഞ്ചൈസിക്കും ബിസിസിഐ നിശ്ചയിച്ചിട്ടുള്ള പൊതുവായ ഡ്രസ്സ് കോഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരും. ഗ്രൗണ്ടിന് പുറത്തുള്ള പൊതുപരിപാടികളിലും ടീമിന്റെ മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രധാരണം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
 
കര്‍ശന നിരീക്ഷണം
 
കളിക്കളത്തിലെ സഭ്യമല്ലാത്ത പെരുമാറ്റങ്ങള്‍ക്കും അനാവശ്യ പ്രകോപനങ്ങള്‍ക്കും നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, പുതിയ ചട്ടങ്ങള്‍ ഇവ കുറച്ചുകൂടി കര്‍ക്കശമാക്കുന്നു. അമ്പയര്‍മാരോടോ എതിര്‍ ടീം അംഗങ്ങളോടോ ഉള്ള മോശം പെരുമാറ്റം, ഡ്രസ്സിംഗ് റൂമിലെ അച്ചടക്ക ലംഘനം എന്നിവ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയും മാച്ച് ഒഫീഷ്യല്‍സിലൂടെയും സൂക്ഷ്മമായി നിരീക്ഷിക്കും.
 
പിഴയും സസ്‌പെന്‍ഷനും
 
നിയമങ്ങള്‍ ലംഘിക്കുന്ന താരങ്ങള്‍ക്കെതിരെ വന്‍ തുക പിഴ ചുമത്താന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. കുറ്റം ആവര്‍ത്തിക്കുന്ന പക്ഷം മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കും. ഫ്രാഞ്ചൈസികള്‍ക്കും തങ്ങളുടെ കളിക്കാരുടെ പെരുമാറ്റത്തില്‍ തുല്യ ഉത്തരവാദിത്തം ഉണ്ടായിരിക്കും.
 
ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ടീമുകള്‍ക്ക് ഗ്രൗണ്ടില്‍ പരിശീലനം നടത്താന്‍ അനുവാദമുണ്ടാകില്ല. പിച്ച് സംരക്ഷിക്കുന്നതിനും കളിക്കാര്‍ക്ക് മതിയായ വിശ്രമം ഉറപ്പാക്കാനുമാണ് ഈ തീരുമാനം.
 
പരിശീലന വേളയില്‍ കളിക്കാരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഡ്രസ്സിംഗ് റൂമിലോ മൈതാനത്തോ പ്രവേശനമുണ്ടാകില്ല. ഇവര്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഹോസ്പിറ്റാലിറ്റി ഏരിയയില്‍ നിന്ന് പരിശീലനം കാണാം. കളിക്കാര്‍ക്ക് പരിശീലനത്തിനായി ടീം ബസില്‍ മാത്രമെ സ്റ്റേഡിയത്തിലെത്താനും തിരിച്ചുപോകാനും അനുവാദമുണ്ടാകു.
 
ഓറഞ്ച് ക്യാപ്,പര്‍പ്പിള്‍ ക്യാപ് ജേതാക്കള്‍ ബ്രോഡ്കാസ്റ്റ് ക്യാമറകളില്‍ പതിയും വിധം മത്സരത്തിന്റെ ആദ്യ രണ്ട് ഓവറുകളിലെങ്കിലും തൊപ്പി ധരിക്കണമെന്നും നിര്‍ദേശമുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈ ജേഴ്സിയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ, ഗെയ്‌ലും പൊള്ളാർഡും എ ബി ഡിവില്ലിയേഴ്സ് വരെ പിന്നിലാകും