പലസ്‌തീൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത യുഎൻ രക്ഷാസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. വെടിനിർത്തലിന് തയ്യാറല്ലെന്ന നിലപാട് ഹമാസും ഇസ്രായേലും ആവർത്തിച്ചതിന് പിന്നാലെയാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്.
അതേസമയം രാജ്യങ്ങൾ തമ്മിലുള്ള വാഗ്‌വാദങ്ങൾക്കും വെർച്വൽ യോഗം സാക്ഷിയായി. ഇസ്രായേലിന്റെ അക്രമണങ്ങളെ പിന്തുണക്കുന്ന അമേരിക്കൻ നിലപാട് മാറ്റണമെന്ന് യോഗത്തിൽ പലസ്‌തീൻ ആവശ്യപ്പെട്ടു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന അമേരിക്കയുടെ പ്രസ്താവന പലസ്തീനികളുടെ കൂട്ടക്കൊലക്ക് വഴിയൊരുക്കുമെന്ന് പലസ്‌തീൻ പറഞ്ഞു.
അതേസമയം സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നതായി അമേരിക്ക അറിയിച്ചു. രണ്ട് രാജ്യങ്ങളും സംയമനം പാലിക്കണമെന്നാണ് ഇന്ത്യൻ നിലപാട്.