ഇന്ത്യയിലെ എല്ലാ വിദ്യാർഥികളും പട്ടാളത്തിൽ ചേരണമെന്നത് നിർബന്ധമാക്കണമെന്ന് നടി കങ്കണ റണാവത്ത്. ഇസ്രായേൽ-പലസ്‌തീൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കികൊണ്ടുള്ള തന്റെ വീഡിയോയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലിനെ പ്രശസിച്ചുകൊണ്ടാണ് താരത്തിന്റെ വീഡിയോ.
കങ്കണയുടെ വാക്കുകൾ ഇങ്ങനെ
ലോകം ഇന്ന് പലവിധ പ്രതിസന്ധികളിലൂടെയും കടന്ന് പോകുകയാണ്. യുദ്ധമായാലും കൊറോണയായാലും. നല്ല സമയങ്ങളിൽ നമുക്ക് നിയന്ത്രണം നഷ്ടമാകരുത്. അതുപോലെ മോശം സമയങ്ങളിൽ ധൈര്യം നഷ്ടമാവുകയും അരുത്. ഇസ്രായേലിനെ മാതൃകയായി എടുക്കു. ആ രാജ്യത്ത് ഏതാനും ലക്ഷങ്ങൾ മാത്രമാണുള്ളത്.
എങ്കിലും ആറേഴ് രാജ്യങ്ങൾ ഒരുമിച്ച് ആക്രമിച്ചാലും അവർ ഒന്നിച്ച് നിന്ന് തീവ്രവാദത്തെ നേരിടുന്നു.ലോകത്തിന് മുഴുവൻ ഇസ്രായേൽ മാതൃകയാണ്. പ്രതിപക്ഷം എന്നത് അവിടെയും ഉണ്ട്. എന്നാൽ ശത്രുരാജ്യത്ത് സ്ട്രൈക്ക് ചെയ്‌തത് വിശ്വസിക്കില്ല എന്ന് പറയില്ല. ഇന്ത്യയിൽ യുദ്ധമോ കൊറോണയോ ഉണ്ടായാലും ഇത് കണ്ട് മൂലയ്ക്ക് മാറി ഇരിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പണി,രാജ്യം ഇല്ലാതാവട്ടെ എന്ന് മനസിൽ വിചാരിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകുന്നതിന്റെ ചിത്രങ്ങൾ പ്രചരിച്ചു.
പിന്നീട് മനസിലായി ഇത് നൈജീരിയയിലെ ദൃശ്യങ്ങളാണെന്ന്. രാജ്യത്തെ ആളുകൾ തന്നെയാണ് ഇത് ചെയ്യുന്നത്. ഇതിനെതിരെ നടപടികൾ എടുക്കേണ്ടേ? അതിനാൽ ഇസ്രായേലിലെ പോലെ ഇവിടെയും വിദ്യാർഥികൾക്ക് നിർബന്ധ സൈനികസേവനം ഏർപ്പെടുത്തണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്. നിങ്ങൾ ഏത് മതത്തിൽ പെട്ടയാളാണെങ്കിലും ഏറ്റവും വലിയ ധർമം ഭാരതം എന്നതായിരിക്കണം. ഇന്ത്യക്കാർ ഒന്നിച്ച് പോയാൽ മാത്രമെ രാജ്യവും മുന്നോട്ട് പോകുകയുള്ളു.