പലസ്തീന് രാഷ്ട്രപദവി നൽകുന്നത് ഹമാസ് ഭീകരതയെ അംഗീകരിക്കുന്നത് പോലെ, ഇസ്രായേലിനായി രംഗത്തെത്തി ട്രംപ്
യുഎന്‍ പൊതുസഭയുടെ എണ്‍പതാം വാര്‍ഷിക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
പലസ്തീന് രാഷ്ട്രപദവി നല്‍കുന്നത് ഹമാസ് ഭീകരതയ്ക്കുള്ള സമ്മാനമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചില രാജ്യങ്ങള്‍ ഏകപക്ഷീയമായി പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപനങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. ഗാസയിലെ യുദ്ധം ഉടന്‍ നിര്‍ത്തണമെന്നും ഒത്തുതീര്‍പ്പുണ്ടാകണമെന്നും ട്രംപ് പറഞ്ഞു. യുഎന്‍ പൊതുസഭയുടെ എണ്‍പതാം വാര്‍ഷിക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറന്നിടുന്ന കാലം കഴിഞ്ഞു. കുടിയേറ്റമാണ് യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. എന്നാല്‍ ഇത് തടയാനായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നും ചെയ്യുന്നില്ല. കുടിയേറ്റത്തിനെ പ്രോത്സാഹിപ്പിക്കുന്നതാണ് യുഎന്‍ നയങ്ങള്‍. ഇത് പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള കടന്നുകയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും കാലാവസ്ഥാ വ്യതിയാനം എന്നത് യാഥാര്‍ഥ്യമല്ലെന്നും ട്രംപ് പറഞ്ഞു.
പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് ഫ്രാന്‍സ് അടക്കമുള്ള പന്ത്രണ്ടോളം രാജ്യങ്ങള്‍ നിലപാടെടുത്തതിനെയാണ് ട്രംപ് നിശിതമായി വിമര്‍ശിച്ചത്.അതേസമയം ഗാസയിലെ അക്രമണങ്ങളില്‍ ഇസ്രായേലിനെ പേരെടുത്ത് വിമര്‍ശിക്കാതെ അപലപിക്കുകയാണ് യുഎന്‍ മേധാവി ആന്റോണിയോ ഗുട്ടാറെസ് ചെയ്തത്. പലസ്തീന്‍ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് എന്തിന്റെ പേരിലാണെങ്കിലും ന്യായീകരിക്കാനാവില്ലെന്ന് ഗുട്ടാറെസ് വ്യക്തമാക്കി.