Publish Date: Mon, 19 Oct 2026 (09:24 IST)
Updated Date: Mon, 19 Oct 2026 (08:28 IST)
മേഖലയില്‍ വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയില്‍ പാകിസ്ഥാന്‍ നാഷണല്‍ സ്ട്രാറ്റജിക് കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ സയ്യിദ് ആമിര്‍ റാസ ഞായറാഴ്ച ശക്തമായ മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്റെ ആണവ പ്രതിരോധ ശേഷി എടുത്തുപറഞ്ഞ അദ്ദേഹം എതിരാളികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു സൈനിക അബദ്ധത്തിനും അവര്‍ പ്രതീക്ഷിക്കുന്നതിലും എത്രയോ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി.
കാകുലിലെ പാകിസ്ഥാന്‍ മിലിട്ടറി അക്കാദമിയില്‍ (പി.എം.എ) നടന്ന പാസിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്യവെ പാകിസ്ഥാന്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ രാജ്യത്തെ പ്രതിരോധിക്കാന്‍ തങ്ങളുടെ സായുധ സേന അതീവ സജ്ജമാണെന്നും ജനറല്‍ റാസ വ്യക്തമാക്കി. 'പാകിസ്ഥാനെതിരെ ആക്രമണോത്സുകമായ ഉദ്ദേശ്യങ്ങളുമായി അതിര്‍ത്തിക്കപ്പുറത്ത് നിലയുറപ്പിച്ചിരിക്കുന്നവരോടുള്ള ഞങ്ങളുടെ നിലപാട് വ്യക്തവും ഉറച്ചതുമാണ്' പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളോട് ജനറല്‍ റാസ പറഞ്ഞു.
'ആണവായുധങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷത്തിനോ യുദ്ധത്തിനോ ഒട്ടും ഇടമില്ല. എന്തെങ്കിലും തരത്തിലുള്ള തെറ്റായ കണക്കുകൂട്ടലുകള്‍ ഉണ്ടായാല്‍ അത് ആരംഭിക്കുന്നവരുടെ സങ്കല്‍പ്പങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അപ്പുറമുള്ള തിരിച്ചടിയായിരിക്കും അവര്‍ക്ക് നേരിടേണ്ടി വരിക.'-റാസ പറഞ്ഞു.