'ട്രംപ് അടങ്ങിയോ?'; 14-ാം ദിവസം വെടിനിർത്തൽ, താൽക്കാലിക ആശ്വാസം
ഇറാനുമായി നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും വലിയ യുദ്ധത്തിലേക്ക് കാര്യങ്ങൾ പോകാതിരിക്കാനാണ് നോക്കുന്നതെന്നും ട്രംപ് പറഞ്ഞു
Publish Date: Sun, 26 Jul 2026 (09:34 IST)
Updated Date: Sun, 26 Jul 2026 (09:37 IST)
ഇറാനെതിരെ രണ്ടാഴ്ച തുടർച്ചയായി നടത്തിവരുന്ന വ്യോമാക്രമണങ്ങൾക്കു താൽക്കാലിക വിരാമമിട്ട് യുഎസ്. ഇറാനെതിരെ പുതിയ സൈനിക നടപടികൾ വേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടതായാണ് റിപ്പോർട്ട്.
തുടർച്ചയായി 13 ദിവസം ഇറാനെതിരെ യുഎസ് ആക്രമണം നടത്തിവരികയാണ്. 14-ാം ദിവസമാണ് താൽക്കാലിക ആശ്വാസം. ആക്രമണം നിർത്തിവച്ചത് താൽക്കാലികമാണോ അതോ യുഎസ് നയത്തിൽ വന്ന വലിയൊരു മാറ്റത്തിന്റെ ഭാഗമാണോ എന്നത് വ്യക്തമല്ല.
ഇറാനുമായി നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും വലിയ യുദ്ധത്തിലേക്ക് കാര്യങ്ങൾ പോകാതിരിക്കാനാണ് നോക്കുന്നതെന്നും ട്രംപ് പറഞ്ഞു. തനിക്ക് വേണമെങ്കിൽ ആക്രമണങ്ങൾ ശക്തമായി തുടരാമെന്നും അവരുടെ പക്കലുള്ളതെല്ലാം തകർക്കാൻ സാധിക്കുമെന്നും വൈറ്റ് ഹൗസിൽ സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. എങ്കിലും ഇറാനുമായി ഒരു ധാരണയിലെത്തുന്നതാണ് ബുദ്ധിപരമായ തന്ത്രം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെടുന്ന ഓരോ കപ്പലിനും പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ യുഎസ് തകർക്കുമെന്നാണ് ട്രംപ് ഏതാനും ദിവസം മുൻപ് ഭീഷണി മുഴക്കിയത്. 'ഹോർമുസ് കടലിടുക്കിൽ മിസൈൽ, റോക്കറ്റ്, ഡ്രോൺ അല്ലെങ്കിൽ മറ്റേതെങ്കിലും ആയുധങ്ങൾ ഉപയോഗിച്ച് ഇറാൻ ഏതെങ്കിലും കപ്പലിന് നേരെ വെടിയുതിർത്താൽ, തലസ്ഥാനമായ ടെഹ്റാനിലോ അതിന് സമീപത്തോ ഒരു പാലമോ ഊർജ നിലയമോ ഞങ്ങൾ ബോംബിട്ട് തകർക്കും', ട്രംപ് പറഞ്ഞിരുന്നു.