Publish Date: Sun, 20 Sep 2026 (13:41 IST)
Updated Date: Sun, 20 Sep 2026 (12:42 IST)
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് ചോറ്. ദിവസത്തിൽ ഒരു നേരമെങ്കിലും ചോറ് കഴിക്കാത്തവർ നമുക്കിടയിൽ കുറവാണ്. ചോറിനുള്ള അരി കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നന്നായി കഴുകിയെടുത്തതിനു ശേഷം മാത്രമേ അരി ചോറിനായി ഉപയോഗിക്കാവൂ.
വലിയൊരു പാത്രത്തിലേക്ക് ഇട്ടുവേണം അരി കഴുകാൻ. തിളപ്പിക്കാൻ വയ്ക്കുന്ന പാത്രത്തിലോ കുക്കറിലോ ഇട്ട് തന്നെ അരി കഴുകുന്നത് നല്ലതല്ല. അരി കഴുകാൻ എപ്പോഴും മറ്റൊരു പാത്രം ഉപയോഗിക്കുക. പാത്രത്തിലുള്ള അരിയിൽ വെള്ളമൊഴിച്ച് കൈ കൊണ്ട് നന്നായി തിരുമ്മി കഴുകണം. അരിയുടെ എല്ലാ ഭാഗത്തേക്കും കൈ എത്തുന്ന രീതിയിൽ വേണം തിരുമ്മാൻ. അതിനുശേഷം ആ വെള്ളം ഒഴിച്ചു കളയുക. മൂന്നോ നാലോ തവണയെങ്കിലും ഇങ്ങനെ അരി കഴുകിയെടുക്കണം.
അന്നജത്തിന്റെ അളവ് കുറയ്ക്കാനാണ് അരി കഴുകണമെന്ന് പറയുന്നത്. അരി നന്നായി കഴുകുമ്പോൾ ഉപരിതലത്തിലെ അന്നജം നീക്കം ചെയ്യപ്പെടുന്നു. മാത്രമല്ല നെല്ല് അരിയാക്കുമ്പോൾ അതിൽ പൊടിയോ അവശിഷ്ടങ്ങളോ കയറാൻ സാധ്യതയുണ്ട്. അരി കഴുകുമ്പോൾ ആ പൊടി മുഴുവനായി നീക്കം ചെയ്യപ്പെടുന്നു.