കടല, പയർ എന്നിവ അമിതമായി വേവിക്കരുത്
ദഹനത്തിനു തടസമാകുന്ന ആന്റി-ന്യൂട്രിഷണൽ ഘടകങ്ങൾ ഇല്ലാതാക്കാൻ പയർ വർഗങ്ങൾ തിളപ്പിക്കണം
Publish Date: Tue, 02 Jun 2026 (21:00 IST)
Updated Date: Tue, 02 Jun 2026 (20:46 IST)
പയർ വർഗങ്ങളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കടല, പരിപ്പ്, പയർ എന്നിവ ആഴ്ചയിൽ മൂന്നോ നാലോ തവണയെങ്കിലും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. അതേസമയം പയർ വർഗങ്ങൾ അമിതമായി വേവിക്കാൻ പാടില്ല. ഐസിഎംആർ അടുത്തിടെ പുറത്തുവിട്ട 17 ഡയറ്ററി മാർഗനിർദേശങ്ങളിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അമിതമായി വേവിക്കുമ്പോൾ പയർ വർഗങ്ങളുടെ പ്രോട്ടീൻ നഷ്ടമാകുന്നു.
ദഹനത്തിനു തടസമാകുന്ന ആന്റി-ന്യൂട്രിഷണൽ ഘടകങ്ങൾ ഇല്ലാതാക്കാൻ പയർ വർഗങ്ങൾ തിളപ്പിക്കണം. അല്ലെങ്കിൽ പ്രഷർ കുക്കറിൽ പാകം ചെയ്യണം. തിളപ്പിക്കുന്നതിലൂടെ ഇവയിൽ അടങ്ങിയ ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സാധിക്കും. പോഷക ലഭ്യത മെച്ചപ്പെടുകയും ചെയ്യുന്നു. രുചി വർധിപ്പിക്കാനും പയർ വർഗങ്ങൾ തിളപ്പിക്കുന്നത് നല്ലതാണ്. പക്ഷേ അമിതമായി വേവിക്കുന്നതാണ് പ്രോട്ടീൻ നഷ്ടപ്പെടാനും അമിനോ അസിഡായ ലൈസീൻ നഷ്ടപ്പെടാനും കാരണം.
പയർ വർഗങ്ങൾ വേവിക്കുമ്പോൾ ആവശ്യത്തിനു മാത്രം വെള്ളം ചേർക്കുക. ഇത് വെള്ളം വറ്റി പോകുന്നത് ഒഴിവാക്കുകയും ആവശ്യ പോഷകങ്ങൾ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ രുചിയും വർധിപ്പിക്കും.