Zee 5, FIFA World Cup 2026 Plans: 'ഇതിലും ഭേദം കമ്പിപ്പാര എടുത്ത് കക്കാൻ ഇറങ്ങുന്നതാണ്'; 'സീ 5'നെതിരെ ഫുട്‌ബോൾ പ്രേമികൾ
സംപ്രേഷണാവകാശം ലഭിച്ചതിനു പിന്നാലെ മൂന്ന് മാസത്തേക്കുള്ള 799 രൂപയുടെ പ്ലാൻ സീ 5 ൽ ഉണ്ടായിരുന്നു
Publish Date: Fri, 12 Jun 2026 (09:39 IST)
Updated Date: Fri, 12 Jun 2026 (10:04 IST)
Zee 5: ലോകകപ്പ് ആരംഭിക്കുന്ന ദിവസം സബ്‌സ്‌ക്രിപ്ഷൻ പ്ലാനിൽ മാറ്റംവരുത്തിയ സീ 5 നെതിരെ ആരാധകരുടെ പ്രതിഷേധം. ഫിഫ ലോകകപ്പ് 2026 ന്റെ ഇന്ത്യയിലെ ബ്രോഡ്കാസ്റ്റ് അവകാശം സീ എന്റർടെയ്ൻമെന്റ്‌സിനാണ്. നേരത്തെ ഉണ്ടായിരുന്ന സബ്‌സ്‌ക്രിപ്ഷൻ പ്ലാനിൽ ലോകകപ്പിലെ ആദ്യ മത്സരം തുടങ്ങുന്നതിനു ഏതാനും മണിക്കൂർ മുൻപാണ് അവർ മാറ്റം വരുത്തിയത്.
സംപ്രേഷണാവകാശം ലഭിച്ചതിനു പിന്നാലെ മൂന്ന് മാസത്തേക്കുള്ള 799 രൂപയുടെ പ്ലാൻ സീ 5 ൽ ഉണ്ടായിരുന്നു. മൂന്ന് ഡിവൈസുകളിൽ കണക്ട് ചെയ്യാവുന്ന വിധമായിരുന്നു ഈ പ്ലാൻ. നിരവധി പേരാണ് ഈ പ്ലാൻ എടുത്തത്. എന്നാൽ ലോകകപ്പ് കിക്കോഫിനു മുൻപ് ഈ പ്ലാനിൽ അവർ മാറ്റംവരുത്തി. മൂന്ന് ഡിവൈസ് എന്നത് ഒരു ഡിവൈസാക്കി ചുരുക്കിയിരിക്കുകയാണ്.
ഇതോടെ 799 രൂപയുടെ പ്ലാൻ ഒരു ഡിവൈസിൽ മാത്രമായിരിക്കും ലഭ്യമാകുക. അതേസമയം 1699 രൂപയുടെ പ്ലാനും നിലവിലുണ്ട്. അത് മൂന്ന് മാസത്തേക്ക് മൂന്ന് ഡിവൈസിൽ ലഭ്യമാകും.
കാശുണ്ടാക്കാൻ കായിക പ്രേമികളുടെ നെഞ്ചത്ത് അടിക്കണോ എന്നാണ് സമൂഹമാധ്യമങ്ങളിൽ സീ 5 നെതിരെ ഉയർന്നിരിക്കുന്ന ചോദ്യം. വാക്കിനു വ്യവസ്ഥയില്ലാത്തവരാണെന്നും വിമർശനമുണ്ട്.