'അത് ഹാൻഡ് ബോൾ, ഞങ്ങളുടെ കളിക്കാർ നിന്നു'; റഫറി ഫ്രാൻസിന് അനുകൂലമായി നിലപാടെടുത്തെന്ന് മൊറോക്കോ പരിശീലകൻ
മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് ജയിച്ചത്
Publish Date: Fri, 10 Jul 2026 (17:48 IST)
Updated Date: Fri, 10 Jul 2026 (17:52 IST)
ഫ്രാൻസിനെതിരായ മത്സരത്തിൽ റഫറി തങ്ങൾക്കു പ്രതികൂലമായി നിലപാടെടുത്തെന്ന് മൊറോക്കോ ടീം പരിശീലകൻ മുഹമ്മദ് ഒഹാബി. ഫ്രാൻസിനായി കിലിയെൻ എംബാപ്പെ നേടിയ ആദ്യ ഗോളിനു തൊട്ടുമുൻപ് ഹാൻഡ് ബോൾ സംഭവിച്ചിട്ടുണ്ടെന്നും റഫറി അത് വിളിച്ചില്ലെന്നുമാണ് മത്സരശേഷം ഒഹാബി പറഞ്ഞത്.
മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് ജയിച്ചത്. എംബാപ്പെ സ്‌കോർ ചെയ്ത ആദ്യ ഗോളിനു മുൻപുള്ള ബോൾ നീക്കത്തിനിടെ ഫ്രാൻസ് താരം ആൻഡ്രിയൻ റബിയോട്ടിന്റെ കൈകളിൽ പന്ത് തട്ടിയെന്നും അത് ഉറപ്പായും ഹാൻഡ് ബോൾ ആണെന്നുമാണ് ഒഹാബിയുടെ വാദം.
' ഞങ്ങളുടെ ചില താരങ്ങൾ അത് ഹാൻഡ് ബോൾ ആണെന്ന് ഉറപ്പിച്ച് ബോൾ നീക്കത്തിൽ ഇടപെടാതിരുന്നു. ഉറപ്പായും അത് ഹാൻഡ് ബോൾ തന്നെയാണ്. അത് വിളിക്കണമോ ഇല്ലേ എന്നുള്ളതല്ല, വാർ (VAR) പരിശോധന പോലും നടന്നില്ല എന്നതാണ് പ്രശ്‌നം,' മത്സരശേഷം മൊറോക്കോ പരിശീലകൻ പറഞ്ഞു.