France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ
കിലിയൻ എംബാപ്പെ ഇരട്ടഗോൾ നേടി
Publish Date: Wed, 01 Jul 2026 (08:44 IST)
Updated Date: Wed, 01 Jul 2026 (08:49 IST)
France vs Sweden: സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കു തോൽപ്പിച്ച് ഫ്രാൻസ് ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ. ആദ്യ പകുതിയിൽ ഒരു ഗോളും രണ്ടാം പകുതിയിൽ രണ്ട് ഗോളുകളും ഫ്രാൻസ് സ്‌കോർ ചെയ്തു.
കിലിയൻ എംബാപ്പെ ഇരട്ടഗോൾ നേടി. 45, 74 മിനിറ്റുകളിലാണ് എംബാപ്പെയുടെ ഗോളുകൾ. 53-ാം മിനിറ്റിൽ ബ്രാഡ്‌ലി ബാർസോളയും ഫ്രാൻസിനായി സ്‌കോർ ചെയ്തു. ഫ്രാൻസിന്റെ സർവാധിപത്യമാണ് സ്വീഡനെതിരെ കണ്ടത്. 61 ശതമാനം ബോൾ പൊസഷനുമായി ഫ്രാൻസ് പൂർണമായി കളി കൈക്കലാക്കി. 13 ഷോർട്ട്‌സ് ഓൺ ടാർഗറ്റ്. നിർഭാഗ്യം കൊണ്ട് പല ഗോൾ അവസരങ്ങളും ഫ്രാൻസിനു നഷ്ടമായി.
പ്രീ ക്വാർട്ടറിൽ എതിരാളികൾ ആര്
റൗണ്ട് 16 വിൽ (പ്രീ ക്വാർട്ടർ) ഫ്രാൻസിനു എതിരാളികൾ പരഗ്വായ് ആണ്. റൗണ്ട് 32 വിൽ ജർമനിയെ തോൽപ്പിച്ചാണ് പരഗ്വായ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. ജൂലൈ നാലിനാണ് മത്സരം.
മെസിക്കൊപ്പം എംബാപ്പെ
ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ ഫ്രാൻസിന്റെ കിലിയെൻ എംബാപ്പെ അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിക്കൊപ്പം. ഇരുവരും ഈ ലോകകപ്പിൽ ആറ് വീതം ഗോളുകൾ നേടി ഒന്നാം സ്ഥാനത്താണ്. അതേസമയം മെസി റൗണ്ട് 32 മത്സരം കളിച്ചിട്ടില്ല.
എംബാപ്പെയുടെ ആകെ ലോകകപ്പ് ഗോളുകളുടെ എണ്ണം 18 ആയി. 19 ലോകകപ്പ് ഗോളുകളുള്ള മെസിയാണ് ഒന്നാം സ്ഥാനത്ത്. ഒരു ഗോൾ കൂടി നേടിയാൽ എംബാപ്പെ മെസിക്കൊപ്പം ലോക റെക്കോർഡ് ഷെയർ ചെയ്യും.