Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംപ്രേഷണാവകാശം ഏറ്റെടുക്കാൻ ആളില്ല, ഇന്ത്യക്കാർക്ക് ഫിഫ ലോകകപ്പ് കാണാനാവില്ലെ?

കഴിഞ്ഞ മാസം ഏഷ്യന്‍ വിപണികളിലെ ബ്രോഡ്കാസ്റ്റിംഗ് റൈറ്റ്‌സ് സംബന്ധിച്ച വിവരങ്ങള്‍ ഫിഫ പുറത്തുവിട്ടപ്പോള്‍ ആദ്യ പട്ടികയില്‍ ഇന്ത്യ ഉണ്ടായിരുന്നില്ല.

Lionel Messi
ഫിഫ 2026 ലോകകപ്പ് അടുക്കാനിരിക്കെ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് കാണാനാവില്ലെ എന്ന ആശങ്ക ശക്തമാകുന്നു. ടൂര്‍ണമെന്റിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും ഇന്ത്യയിലെ സംപ്രേക്ഷണാവകാശത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന വിശ്വ ഫുട്‌ബോള്‍ മാമാങ്കത്തിന്റെ അവകാശം ഏറ്റെടുക്കാന്‍ ഇതുവരെ പ്രമുഖ ചാനലുകളോ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളോ മുന്നോട്ടുവന്നിട്ടില്ല.
 
കഴിഞ്ഞ മാസം ഏഷ്യന്‍ വിപണികളിലെ ബ്രോഡ്കാസ്റ്റിംഗ് റൈറ്റ്‌സ് സംബന്ധിച്ച വിവരങ്ങള്‍ ഫിഫ പുറത്തുവിട്ടപ്പോള്‍ ആദ്യ പട്ടികയില്‍ ഇന്ത്യ ഉണ്ടായിരുന്നില്ല. ജപ്പാന്‍, ഇന്തോനേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്ഥാനം പിടിച്ചെങ്കിലും രണ്ടാമത് പുതുക്കിയ പട്ടികയിലും ഇന്ത്യയുടെ പേര് ഉള്‍പ്പെടാത്തതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ലോകകപ്പിന് ഇനി ഏകദേശം രണ്ട് മാസത്തോളം മാത്രമാണ് സമയമുള്ളത്. ജൂണ്‍ 12 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
 
റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2026, 2030 ലോകകപ്പുകളുടെ സംപ്രേഷണാവകാശത്തിനായി ഫിഫ ആദ്യം ആവശ്യപ്പെട്ടത് 100 മില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ ഇന്ത്യന്‍ കമ്പനികള്‍ താല്‍പ്പര്യം കാണിക്കാത്തതിനെ തുടര്‍ന്ന് ഇത് 35 മില്യണ്‍ ഡോളറായി (ഏകദേശം 290 കോടി രൂപ) വെട്ടിക്കുറച്ചിട്ടുണ്ട്. കഴിഞ്ഞ ഖത്തര്‍ ലോകകപ്പിന് വയാകോം 18 നല്‍കിയ 62 മില്യണ്‍ ഡോളറിനേക്കാള്‍ വളരെ കുറവാണിത്.
 
അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഇന്ത്യയില്‍ അത് അര്‍ദ്ധരാത്രിയിലോ പുലര്‍ച്ചെയോ ആയിരിക്കും. ഇത്  കാഴ്ചക്കാരുടെ എണ്ണം കുറയ്ക്കുമെന്നും പരസ്യവരുമാനത്തെ ബാധിക്കുമെന്നും ചാനലുകള്‍ ഭയപ്പെടുന്നുണ്ട്.
 
 സ്റ്റാര്‍ ഇന്ത്യയും വയാകോം 18-ഉം തമ്മിലുള്ള ലയനം വിപണിയിലെ മത്സരം കുറയാന്‍ കാരണമായിട്ടുണ്ട്.
 
ഐസിസി ടൂര്‍ണമെന്റുകള്‍ക്കും ഐപിഎല്ലിനും വേണ്ടി കോടിക്കണക്കിന് രൂപ നിക്ഷേപിച്ച കമ്പനികള്‍ ഫുട്‌ബോളിനായി അധിക തുക ചെലവാക്കാന്‍ മടിക്കുന്നു. ഇതെല്ലാമാണ് ഇന്ത്യയിലെ സംപ്രേക്ഷണാവകാശം വിറ്റുപോകാത്തതിന് പിന്നിലെ കാരണങ്ങള്‍.
 
ഖത്തര്‍ ലോകകപ്പിന് ഇന്ത്യയില്‍ നിന്ന് 167 മില്യണ്‍ ടെലിവിഷന്‍ കാഴ്ചക്കാരുണ്ടായിരുന്നു എന്നാണ് ഫിഫയുടെ കണക്ക്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫുട്‌ബോള്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ ഇത്തവണ സംപ്രേഷണം മുടങ്ങിയാല്‍ അത് ആരാധകര്‍ക്കും ഫിഫയ്ക്കും ഒരുപോലെ കനത്ത തിരിച്ചടിയാകും. അവസാന നിമിഷം ഏതെങ്കിലും പ്ലാറ്റ്ഫോം അവകാശം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vaibhav Suryavanshi : 18 ഫോറുകൾ, 18 സിക്സറുകൾ, ഒടുവിൽ ഓറഞ്ച് ക്യാപ്പ് തൂക്കി വൈഭവ്