Publish Date: Mon, 04 Jun 2018 (11:27 IST)
Updated Date: Mon, 04 Jun 2018 (11:29 IST)
റോബര്‍ട്ടോ ഫിര്‍മിനോ വിശ്രമിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍. ആര്‍ക്കും എപ്പോഴും അദ്ദേഹത്തില്‍ നിന്ന് അപ്രതീക്ഷിതമായവ മാത്രം പ്രതീക്ഷിക്കാം.
ബ്രസീലിന്‍റെ കാല്‍യുദ്ധക്കാരില്‍ മുന്‍നിരക്കാരനാണ് ഫിര്‍മിനോ. ഇങ്ങനെ അപ്രതീക്ഷിത നടുക്കങ്ങള്‍ സമ്മാനിക്കുന്നവരാണ് ബ്രസീല്‍ നിരയില്‍ ഓരോരുത്തരും എന്നതാണ് ഇത്തവണത്തെ ടീമിന്‍റെ പ്രത്യേകത. ഫിഫ റാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീല്‍ കളിക്കാനിറങ്ങുന്നത് കപ്പുംകൊണ്ട് മടങ്ങാന്‍ വേണ്ടി മാത്രമാണ്.
റഷ്യന്‍ മണ്ണില്‍ നിന്ന് ബ്രസീല്‍ കപ്പുകൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവര്‍ പ്രതീക്ഷയോടെ നോക്കുന്നത് എപ്പോഴും നെയ്‌മറുടെ നേര്‍ക്കാണ്. ആ മാജിക് അവിടെ ബാക്കിവയ്ക്കാമെങ്കിലും ഉരുക്കുബൂട്ടുകളുമായി അവിടെ വില്ലിയന്‍ ഉണ്ട്. ജിസ്യൂസ് ഉണ്ട്. ഫിലിപ്പെ കുടീഞ്ഞോയുണ്ട്. കളി മറ്റ് ടീമുകള്‍ ജയിക്കണമെങ്കില്‍ ഇവരൊക്കെ തീര്‍ത്തും അലസഗെയിം കളിക്കണമെന്ന് സാരം. അത് നടക്കാന്‍ പോകുന്ന കാര്യവുമല്ല.
‘ഗ്രൂപ്പ് ഇ’യില്‍ ബ്രസീലിനെ വെല്ലുന്ന ഒരു ടീമുമില്ല. എന്നാല്‍ ബ്രസീലിനെ വെല്ലാന്‍ ആ ഗ്രൂപ്പില്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതായിരിക്കും ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയും ഏറ്റവും ഉജ്ജ്വലമായ മുഹൂര്‍ത്തവും. അതിന് ടിറ്റെയുടെ കുട്ടികള്‍ അനുവദിക്കുമോ? കാത്തിരുന്ന് കാണാം.
BIJU
Publish Date: Mon, 04 Jun 2018 (11:27 IST)
Updated Date: Mon, 04 Jun 2018 (11:29 IST)