ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാകാതെ ഇരുട്ടിൽ തപ്പുന്ന കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലക്കി എ ഐ സി സി മുൻ വക്താവ് ടോം വടക്കൻ ബി ജെ പിക്കൊപ്പം ചേർന്നിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ കേരളത്തിൽ ഉള്ള ദിവസമാണ് ഡൽഹിയിൽ ടോം വടക്കൻ ബി ജെ പി അംഗത്വം സ്വീകരിച്ചിരിക്കുന്നത്.
ബി ജെ പിക്കെതിരെ ശക്തമായി തിരികെ വരാൻ കോൺഗ്രസ് നേതൃത്വം തയ്യാറെടുക്കുന്ന ഈ ഘട്ടത്തിൽ പാർട്ടിയിലെ പ്രമുഖ നേതാവായിരുന്ന ഒരാൾ ബി ജെ പിയിൽ ചേരുന്നത് കോൺഗ്രസിന് വലിയ തിരിച്ചടി തന്നെയായിരിക്കും. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ് കോൺഗ്രസിന്റേത് എന്ന ഗുരുത ആരോപണവും ബി ജെ പി അംഗത്വം സ്വീകരിച്ചുകൊണ്ട് ടോം വടക്കൻ നടത്തി.
പുൽവാമ ഭീകരാക്രമണത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടാണ് കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേരാൻ കാരണം എന്നാണ് ടോം വടക്കൻ പാർട്ടി മാറ്റത്തെക്കുറിച്ച് വിശദീകരിച്ചത്. ഈ വിശദീകരണം വെറുതേ ഒരു വിശദീകരണമാണ് എന്ന് കേൾകുമ്പോൾ തന്നെ മനസിലാക്കാം. മുൻ ഐ സി സി വക്താവിനെ സ്വന്തം പാളയത്തിലെത്തിക്കാൻ രാഷ്ട്രീയമായി ബി ജെ പി ടോം വടക്കന് വാഗ്ധാനങ്ങൾ നൽകിയിരിക്കാം എന്നുള്ളതാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.
ശബരിമല സമരങ്ങളിൽ കോൺഗ്രസും ബി ജെ പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും ബി ജെ പിയുടെ കൊടിക്കിഴിൽ കോൺഗ്രസുകാർ അണി നിരക്കുന്നു എന്നും മുഖ്യ മന്ത്രി പിണറായി വിജയൻ ഉൾപ്പടെ വിമർശനം ഉന്നയിച്ചിരുന്നു. പ്രമുഖ കോൺഗ്രസ് നേതാക്കൾ ബി ജെ പിയിൽ ചേരും എന്നും ആരോപനങ്ങൾ ഉയർന്നിരുന്നു. ടോം വടക്കന്റെ പാർട്ടി മാറ്റം സി പി എമ്മിന് ഇപ്പോൾ വീണുകിട്ടിയ അവസരമാണ്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ടോം വടക്കന്റെ ബി ജെ പി അംഗത്വം വലിയ ചർച്ചാ വിഷയമാകും.
ബി ജെ പിക്കെതിരെ നിലപാട് സ്വീകരിക്കുന്നു എന്ന് പുറമെ പറയുകയും എന്നാൽ ബി ജെപിയോടൊപ്പം പോവുകയും ചെയ്യുന്ന നേതാക്കളാണ് കോൺഗ്രസിനുള്ളത് എന്നതായിരിക്കും പ്രധാനമായും ഉയരാൻ പോകുന്ന വിമർശനം. ഉൾപർട്ടി പ്രശ്നങ്ങൾ കാരണം സംസ്ഥാനത്ത് മുഴുവൻ മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളുടെ അന്തിമ രൂപമുണ്ടാക്കാൻ പോലും ഇതേവരെ കോൺഗ്രസിനായിട്ടില്ല.
ഇടതുമുന്നണിയാവട്ടെ നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിക്കുകയും ചെയ്തു. പെരിയയിലെ ഇരട്ട കൊലപാതങ്ങൾ സി പി എമ്മിനെതിരെ ചർച്ച ചെയ്യപപ്പെടുന്ന സാഹചര്യത്തിൽ. ഇതിനെ പ്രതിരോധിക്കാൻ ടോം വടക്കന്റെ ബി ജെ പി പ്രവേശനമായിരിക്കും സി പി എം ഉപയോഗപ്പെടുത്തുക.