'വന്ദേ മാതരം' ചരിത്രം, ഇന്ത്യയുടെ മതേതര മൂല്യങ്ങൾക്ക് ചേരാത്ത 'വരികൾ' ഇതാണ്
Vande Mataram History in Malayalam
Publish Date: Mon, 10 Aug 2026 (10:57 IST)
Updated Date: Mon, 10 Aug 2026 (11:05 IST)
ജവഹർലാൽ നെഹ്‌റുവും രബീന്ദ്രനാഥ ടാഗോറും
Vande Mataram History: മൂന്ന് മിനിറ്റും പത്ത് സെക്കന്റും ദൈർഘ്യമുള്ള രാജ്യത്തിന്റെ ദേശീയഗീതമായ 'വന്ദേ മാതരം' 1875 നവംബർ ഏഴിനാണ് ബങ്കിം ചന്ദ്ര ചാറ്റർജി രചിക്കുന്നത്. ഇന്ന് കാണുന്നതു പോലെ അതിന്റെ പൂർണ രൂപത്തിൽ ആയിരുന്നില്ല ആദ്യത്തെ രചന, 'വന്ദേ മാതര'ത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമാണ് അന്നുണ്ടായിരുന്നത്.
1882 ൽ തന്റെ നോവലായ 'ആനന്ദ്മഠ'ത്തിലിൽ ശേഷിക്കുന്ന വരികൾ കൂടി കൂട്ടിച്ചേർത്ത് 'വന്ദേമാതര'ത്തിന്റെ പൂർണരൂപം പ്രസിദ്ധീകരിച്ചു. ബംഗാളിൽ വൈഷ്ണവ മതക്കാരായ സന്യാസിമാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന പോരാട്ടമാണ് ബങ്കിം ചന്ദ്ര ചാറ്റർജിയെ 'വന്ദേ മാതരം' രചിക്കാൻ പ്രചോദിപ്പിച്ചത്. വൈഷ്ണവ മതക്കാരുടെ ദേവിമാരോട് രാജ്യത്തെ ഉപമിച്ചുകൊണ്ടായിരുന്നു വന്ദേ മാതരത്തിന്റെ ഈരടികൾ.
'വന്ദേ മാതര'ത്തിന്റെ ആദ്യ ഈരടികൾ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്നതാണ്. എന്നാൽ പിന്നീട് വരുന്ന വരികളിൽ ഹൈന്ദവ ദേവിമാരെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിനു വിപരീതമാണെന്ന വിലയിരുത്തൽ അക്കാലത്തുണ്ടായി. അവിടെ നിന്നാണ് വന്ദേമാതരവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടക്കം.
1937 ഡിസംബർ 26 മുതൽ 28 വരെ നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് 'വന്ദേ മാതരം' പൂർണമായി പാടേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ഹിന്ദു ദേവിമാരായ ദുർഗ, ലക്ഷ്മി, സരസ്വതി എന്നിവരെ കുറിച്ച് വന്ദേ മാതരത്തിൽ പ്രതിപാദിക്കുമ്പോൾ അത് രാജ്യത്തെ മറ്റു മതക്കാരുടെ വികാരത്തെ വൃണപ്പെടുത്തിയേക്കാമെന്ന നിരീക്ഷണമുണ്ടായി. അതിനാൽ വന്ദേ മാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾ മാത്രം ദേശീയഗീതമായി അംഗീകരിച്ച് പാടിയാൽ മതിയെന്ന് മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു അടക്കമുള്ള നേതൃത്വം തീരുമാനമെടുത്തു.
ദേശീയ ഗാനത്തിനൊപ്പം ആദരിക്കപ്പെടണം
1896 ൽ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ രബീന്ദ്രനാഥ ടാഗോർ ആണ് വന്ദേമാതരത്തിനു ഈണം നൽകി ആദ്യമായി ആലപിച്ചത്. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ തലേരാത്രി സുചേത ക്രിപലാനി വന്ദേ മാതരത്തിന്റെ ആദ്യ രണ്ട് ഈരടികളാണ് ആലപിച്ചത്. 1950 ജനുവരി 24 ന് ഭരണഘടന അസംബ്ലി യോഗത്തിൽ പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് ജനഗണമനയെ ഇന്ത്യയുടെ ദേശീയഗാനമായി പ്രഖ്യാപിച്ച വേളയിൽ 'വന്ദേമാതരം' ജനഗണമനയ്‌ക്കൊപ്പം ആദരിക്കപ്പെടേണ്ടതാണെന്ന് പ്രഖ്യാപിച്ചിരുന്നു. അപ്പോഴും ആദ്യ ഈരടികൾ മാത്രമാണ് രാജ്യം 'ദേശീയഗീതം' എന്ന നിലയിൽ അംഗീകരിച്ചത്.
Read Here: ടി.ജി.മോഹൻദാസിനെ പിടികൂടിയത് വിമർശനങ്ങൾക്ക് പിന്നാലെ; പുറത്ത് വിലസിയത് 11 ദിവസം