ഗൾഫിലിരുന്ന മൊബൈൽഫോൺ ചാറ്റിങ്ങിലൂടെ ഭാര്യയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ ഭർത്താവിനെതിരെ കേസ്. കോറോം മരമില്ലിനു സമീപത്തെ തായമ്പത്ത് സിമി (31) യെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഈ മാസം 13നാണ് കണ്ടെത്തിയത്. സംഭവത്തിൽ സിമിയുടെ ഭർത്താവ് സി മുകേഷ് (40) കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് വെളിപ്പെടുത്തിയത്.
ആത്മഹത്യയിൽ വീട്ടുകാർക്കോ നാട്ടുകാർക്കോ സംശയമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ യുവതിയുടെ മൊബൈൽഫോൺ പൊലീസ് പരിശോധിച്ചപ്പോഴാണ് മുകേഷിന്റെ ഭീഷണിയെ തുടർന്നും പ്രേരണ മൂലവുമാണ് സിമി ആത്മഹത്യ ചെയ്തതെന്ന് പൊലീസിന് വ്യക്തമായത്.
താൻ ഗൾഫിൽ നിന്നെത്തിയ ശേഷമേ സംസ്കരിക്കാവൂ എന്നു മുകേഷ് ആവശ്യപ്പെട്ടതു പ്രകാരം മൃതദേഹം 2ദിവസം ഫ്രീസറിൽ വെച്ചിരുന്നു. സംഭവദിവസം 12നു രാത്രി സിമി ഭർത്താവുമായി ഫോണിൽ ചാറ്റ് ചെയ്തിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് 13നു പുലർച്ചെ 3മണി മുതൽ സിമി മുകേഷിന് സന്ദേശമയച്ചിരുന്നു.
ജനൽ കമ്പിയിൽ കയർകെട്ടി കഴുത്തിൽ കുരുക്കിട്ട സെൽഫി ഫോട്ടോയെടുത്തു ഭർത്താവിന് അയയ്ക്കുകയും ചെയ്തു. ‘ചത്തോളൂ, ഞാൻ ഡെഡ്ബോഡി കാണാൻ വന്നോളാം’ എന്ന ശബ്ദസന്ദേശമായിരുന്നു മുകേഷിന്റെ മറുപടി. ഇതേതുടർന്നാണ് സിമി ആത്മഹത്യ ചെയ്തത്.
സിമിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന സന്ദേശങ്ങളാണ് മുകേഷ് കുറച്ച് മാസങ്ങളായി അയച്ച് കൊണ്ടിരുന്നതെന്നും വ്യക്തമായി.