പത്തുവർഷത്തിനിടയിൽ പല തവണ പീഡിപ്പിച്ചു, ഒടുവിൽ മറ്റൊരു യുവതിയുമായി യുവാവ് വീട്ടിലെത്തി; കാമുകനോട് പ്രതികാരം ചെയ്ത് കാമുകി
അച്ഛനും അമ്മയും മരിച്ചതോടെ ഒറ്റയ്ക്കായ പെൺകുട്ടിയെ വിഷ്ണു പല തവണ പീഡിപ്പിച്ചിട്ടുണ്ട്
Publish Date: Tue, 22 May 2018 (12:41 IST)
Updated Date: Tue, 22 May 2018 (12:43 IST)
വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ ചതിച്ച യുവാവ് പൊലീസ് പിടിയിൽ. അരൂർ പഞ്ചായത്തിലെ കിഴക്കേവേലിക്കകത്ത് വിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്ത് വർഷമായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരിയായ 21 വയസ്സുകാരി പറയുന്നു.
പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട പൊലീസ് കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഒൻപതാം ക്ലാസ് മുതലാണ് വിഷ്ണുവും താനും പ്രണയത്തിലായതെന്നാണ് പെൺകുട്ടി പറയുന്നത്.
അച്ഛനും അമ്മയും മരിച്ചതോടെ പെൺകുട്ടിയും ചേച്ചിയും തനിച്ചായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ചേച്ചിയുടെ വിവാഹശേഷം പെൺകുട്ടി ഒറ്റയ്ക്കായി. അപ്പോഴൊക്കെ, വിഷ്ണു സഹായിക്കാമെന്ന് പറഞ്ഞ് പലപ്പോഴായി വീട്ടിൽ എത്താറുണ്ടായിരുന്നെന്നും പെൺകുട്ടി പറയുന്നു.
എന്നാൽ, അടുത്തിടെ വിഷ്ണു വിവാഹം നിശ്ചയിച്ച മറ്റൊരു പെൺകുട്ടിയുമായി വീട്ടിലെത്തിയതോടെയാണ് ഇയാൾ തന്നെ ചതിക്കുകയായിരുന്നുവെന്ന് അയൽവാസിയായ പെൺകുട്ടിക്ക് മനസ്സിലാകുന്നത്. ഇതോടെ ആത്മഹത്യ ചെയ്യാനായി യുവതി മണ്ണെണ്ണയുമായി വിഷ്ണുവിന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. നാട്ടുകാരറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്.