Shubman Gill: 'മൂന്ന് ഫോര്‍മാറ്റ്, ഒരു നായകന്‍'; ബിസിസിഐയുടെ മനസിലിരിപ്പ്, നഷ്ടം സഞ്ജുവിന്
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗില്‍ ഇന്ത്യക്കായി അവസാന ടി20 കളിച്ചത്
Shubman Gill: ശുഭ്മാന്‍ ഗില്ലിനെ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത് ബിസിസിഐയുടെ നിക്ഷിപ്ത താല്‍പര്യത്തെ തുടര്‍ന്ന്. 'മൂന്ന് ഫോര്‍മാറ്റിലും ഒരു നായകന്‍' എന്ന ശൈലി ബിസിസിഐ ആഗ്രഹിക്കുന്നുണ്ട്. ഭാവിയില്‍ ഗില്ലിനെ ടി20 ഫോര്‍മാറ്റില്‍ നായകനാക്കാനുമാണ് ആലോചന.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗില്‍ ഇന്ത്യക്കായി അവസാന ടി20 കളിച്ചത്. ഏകദിനത്തിലും ടെസ്റ്റിലും ഗില്‍ സ്ഥിരതയോടെ തുടരട്ടെയെന്നും ടി20യില്‍ മാറ്റിനിര്‍ത്താമെന്നുമായിരുന്നു ബിസിസിഐ തീരുമാനം. എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയതിനു പിന്നാലെ ഗില്ലിനെ ട്വന്റി 20 യില്‍ കൂടി സ്ഥിരമാക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായി.
നിലവില്‍ ടെസ്റ്റ് നായകനാണ് ഗില്‍. ഏകദിന ക്യാപ്റ്റന്‍സിയും ഉടന്‍ ലഭിക്കും. 'നെക്സ്റ്റ് ബിഗ് തിങ്' എന്ന നിലയില്‍ ഗില്ലിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ ട്വന്റി 20 കൂടി കളിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ബിസിസിഐ വിലയിരുത്തല്‍. ടി20 യില്‍ ബാറ്റിങ്ങില്‍ തിളങ്ങിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഗില്ലിനു കുട്ടി ക്രിക്കറ്റിന്റെ ക്യാപ്റ്റന്‍സിയും ലഭിക്കും.
അതേസമയം ഗില്‍ വരുന്നതോടെ മലയാളി താരം സഞ്ജു സാംസണിന്റെ വഴികളാണ് അടയുന്നത്. കണക്കുകള്‍ നോക്കിയാല്‍ ഗില്ലിനേക്കാള്‍ കേമന്‍ സഞ്ജുവാണ്. എന്നാല്‍ ഓപ്പണറായി ബിസിസിഐ പ്രഥമ പരിഗണന നല്‍കുന്നത് ഗില്ലിനും. ഇന്ത്യക്കായി ടി20 യില്‍ ഓപ്പണറായി 21 കളികളില്‍ നിന്ന് 30.42 ശരാശരിയില്‍ 578 റണ്‍സാണ് ഗില്‍ നേടിയിരിക്കുന്നത്. സ്ട്രൈക് റേറ്റ് 139.27 മാത്രമാണ്. മറുവശത്ത് സഞ്ജുവാകട്ടെ 17 കളിയില്‍ ഓപ്പണറായി ഇറങ്ങി 39.38 ശരാശരിയില്‍ 522 റണ്‍സ് നേടിയിട്ടുണ്ട്. സ്ട്രൈക് റേറ്റ് 178.76 ആണ്.