Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത കൊച്ചി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി
Sanju Samson: കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു സാംസണിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു നാലാം ജയം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ ഒന്‍പത് റണ്‍സിനാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തോല്‍പ്പിച്ചത്. സഞ്ജുവാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത കൊച്ചി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 182 റണ്‍സെടുക്കാനെ ട്രിവാന്‍ഡ്രത്തിനു കഴിഞ്ഞുള്ളൂ. 46 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 70 റണ്‍സെടുത്ത സഞ്ജീവ് സതിരശന്റെ ഇന്നിങ്‌സ് പാഴായി. അബ്ദുള്‍ ബാസിത് 27 പന്തില്‍ 41 റണ്‍സെടുത്തെങ്കിലും ട്രിവാന്‍ഡ്രത്തെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. കൊച്ചിക്കായി മുഹമ്മദ് ആഷിക് രണ്ടും സാലി സാംസണ്‍, ജോബിന്‍ ജോയ്, ജെറിന്‍ പി.എസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
സഞ്ജുവിന്റെ അര്‍ധ സെഞ്ചുറി കരുത്തിലാണ് (37 പന്തില്‍ 62) കൊച്ചി മികച്ച സ്‌കോര്‍ നേടിയത്. നാല് ഫോറും അഞ്ച് സിക്‌സും അടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. വ്യക്തിഗത സ്‌കോര്‍ 25 ല്‍ നില്‍ക്കെ ട്രിവാന്‍ഡ്രം വിക്കറ്റ് കീപ്പര്‍ അദ്വൈത് പ്രിന്‍സ് സഞ്ജുവിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി. നിഖില്‍ തോട്ടത്ത് (35 പന്തില്‍ 45), വിനൂപ് മനോഹരന്‍ (26 പന്തില്‍ 42), ജോബിന്‍ ജോബി (10 പന്തില്‍ 26) എന്നിവരും കൊച്ചിക്കായി ബാറ്റിങ്ങില്‍ തിളങ്ങി.
ലീഗിലെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊച്ചി നാല് ജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. അഞ്ചില്‍ നാല് ജയവുമായി തൃശൂര്‍ ടൈറ്റന്‍സ് രണ്ടാമത്. ഓഗസ്റ്റ് 30 (നാളെ) തൃശൂര്‍ ടൈറ്റന്‍സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും.