കരിയറില്‍ താന്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച നാല് ബൗളര്‍മാരെ തെരെഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരമായ ചേതേശ്വര്‍ പുജാര. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പുജാര വിരമിച്ചത്. ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളില്‍ നിന്ന് 7000ത്തിലധികം റണ്‍സ് സ്വന്തമാക്കിയ പൂജാര രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യന്‍ പ്രതിരോധത്തിന്റെ പ്രതീകമായിരുന്നു. 2018-19ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും 2020-21ലെ പരമ്പര നേട്ടത്തിലും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുന്തൂണായിരുന്നു പൂജാര.
ഓസ്‌ട്രേലിയന്‍ പര്യടനങ്ങളില്‍ സ്റ്റാര്‍ക്കിനെയും ജോഷ് ഹെയ്‌സല്‍വുഡിനെയും നേരിട്ടുണ്ടെങ്കിലും ഓസീസ് താരങ്ങളില്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് പാറ്റ് കമ്മിന്‍സിനെതിരെയാണെന്ന് പൂജാര പറയുന്നു.കമ്മിന്‍സ് കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് ഇതിഹാസമായിട്ടുള്ള ഡെയ്ല്‍ സ്റ്റെയ്‌നും , മോണി മോര്‍ക്കലുമാണ് തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിട്ടുള്ളതെന്ന് പൂജാര പറയുന്നു. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സാണാണ് പട്ടികയിലെ നാലാമന്‍.
ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളില്‍ പാഡണിഞ്ഞിട്ടുള്ള പൂജാര 19 സെഞ്ചുറികള്‍ സഹിതം 7195 റണ്‍സാണ് നേടിയിട്ടുള്ളത്. 278 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 21,301 റണ്‍സാണ് പൂജാര നേടിയിട്ടുള്ളത്. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അവസാനമായി ഇന്ത്യയ്ക്കായി കളിച്ച പൂജാരയെ കഴിഞ്ഞ വര്‍ഷത്തെ ഓസീസ് പര്യടനത്തിലും അവസാനമായി നടന്ന ഇംഗ്ലണ്ട് പര്യടനത്തിലും ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.