Glenn Maxwell: മഞ്ഞ ജേഴ്‌സിയിട്ട് ഇട്ട് ഇറക്കിയാല്‍ മാക്‌സ്വെല്‍ തീയാകും; ട്രോളി സോഷ്യല്‍ മീഡിയ
ഓസ്‌ട്രേലിയയുടെ ജേഴ്‌സി പോലെ മഞ്ഞ നിറത്തിലുള്ള ജേഴ്‌സി ധരിപ്പിച്ചാല്‍ മാക്‌സ്വെല്‍ നന്നായി കളിച്ചേക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ ട്രോള്‍
Publish Date: Wed, 03 Apr 2024 (11:44 IST)
Updated Date: Wed, 03 Apr 2024 (11:47 IST)
Glenn Maxwell: ഐപിഎല്ലില്‍ മോശം ഫോമില്‍ തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെല്ലിനെ ട്രോളി സോഷ്യല്‍ മീഡിയ. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കുന്നതിന്റെ പകുതി ആത്മാര്‍ഥതയെങ്കിലും ആര്‍സിബിക്ക് വേണ്ടി മാക്‌സ്വെല്‍ പുറത്തെടുക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. മാക്‌സ്വെല്‍ ബാറ്റിങ്ങില്‍ തിളങ്ങാത്തത് ആര്‍സിബിക്ക് വലിയ തലവേദനയായിരിക്കുകയാണ്.
നാല് ഇന്നിങ്സുകളില്‍ നിന്ന് നേടിയത് വെറും 31 റണ്‍സ്. ശരാശരി വെറും 7.75 ! രണ്ട് കളികളില്‍ ഡക്കിനും ഒരെണ്ണത്തില്‍ മൂന്ന് റണ്‍സെടുത്തും പുറത്തായി. ബൗളിങ്ങില്‍ മാത്രമാണ് മാക്സ്വെല്‍ ആശ്വസിക്കാനുള്ള വക നല്‍കുന്നത്.
ഓസ്‌ട്രേലിയയുടെ ജേഴ്‌സി പോലെ മഞ്ഞ നിറത്തിലുള്ള ജേഴ്‌സി ധരിപ്പിച്ചാല്‍ മാക്‌സ്വെല്‍ നന്നായി കളിച്ചേക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ ട്രോള്‍. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജീവന്‍ പണയം വെച്ചും കളിക്കുന്ന മാക്‌സ്വെല്ലിന് ആര്‍സിബിയോട് അതിന്റെ പകുതി പോലും ആത്മാര്‍ഥതയില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞ സീസണില്‍ 14 കളികളില്‍ നിന്ന് 183.49 സ്‌ട്രൈക്ക് റേറ്റില്‍ 400 റണ്‍സാണ് ആര്‍സിബിക്ക് വേണ്ടി മാക്‌സി നേടിയത്.