India vs Afghanistan, 2nd ODI: ഗില്ലിനും ഇഷാനും സെഞ്ചുറി; അനായാസം ഇന്ത്യ
നായകൻ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ഇന്ത്യക്കായി സെഞ്ചുറി നേടി
Publish Date: Wed, 17 Jun 2026 (22:55 IST)
Updated Date: Wed, 17 Jun 2026 (23:03 IST)
India vs Afghanistan, 2nd ODI: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 402 നു ഓൾഔട്ട് ആയി. മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാനു 44.3 ഓവറിൽ 232 റൺസെടുക്കാനെ സാധിച്ചുള്ളൂ. 170 റൺസിനാണ് ഇന്ത്യയുടെ ജയം.
നായകൻ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ഇന്ത്യക്കായി സെഞ്ചുറി നേടി. 110 ബോളിൽ 22 ഫോറും രണ്ട് സിക്‌സും സഹിതം 154 റൺസ് നേടിയ ഗില്ലാണ് കളിയിലെ താരം. മൂന്നാമനായാണ് ഗിൽ ക്രീസിലെത്തിയത്. യശസ്വി ജയ്‌സ്വാളിനു വേണ്ടി ക്യാപ്റ്റൻ ഓപ്പണർ സ്ഥാനത്തു നിന്ന് മാറിനിൽക്കുകയായിരുന്നു. കരിയറിലെ ഒൻപതാം ഏകദിന സെഞ്ചുറിയും നായകനായ ശേഷമുള്ള ആദ്യ സെഞ്ചുറിയുമാണ് ഗിൽ സ്വന്തമാക്കിയത്.
ഇഷാൻ കിഷൻ 79 പന്തുകളിൽ 14 ഫോറും ഏഴ് സിക്‌സും സഹിതം 125 റൺസെടുത്തു. രോഹിത് ശർമ (30 പന്തിൽ 48), ശ്രേയസ് അയ്യർ (24 പന്തിൽ 26) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങിൽ റഹ്‌മത്ത് ഷാ 89 പന്തിൽ 79 റൺസുമായി പൊരുതി നോക്കിയെങ്കിലും ഫലംകണ്ടില്ല. സെദ്ദിഖുള്ള അടൽ 50 പന്തിൽ 42 റൺസെടുത്തു. റഹ്‌മനുള്ള ഗുർബാസ് 33 പന്തിൽ 41 റൺസ് നേടി. ഇന്ത്യക്കായി അർഷ്ദീപ് സിങ്ങും ഗുർനൂർ ബ്രാറും മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. പ്രിൻസ് യാദവിനു രണ്ടും വാഷിങ്ടൺ സുന്ദറിനു ഒരു വിക്കറ്റും.
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-0 ത്തിനു ഇന്ത്യ ലീഡ് സ്വന്തമാക്കി. ശേഷിക്കുന്ന ഒരു മത്സരത്തിൽ അഫ്ഗാൻ ജയിച്ചാലും പരമ്പര ഇന്ത്യക്ക്.