ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യക്ക് കിരീടം; വൈഭവ് ഫൈനലിലെ താരം
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ സ്‌കോർ ഒരു ഘട്ടത്തിൽ 450 കടന്നേക്കുമെന്ന് പോലും തോന്നിയതാണ്
Publish Date: Sun, 21 Jun 2026 (19:03 IST)
Updated Date: Sun, 21 Jun 2026 (19:19 IST)
വൈഭവ് സൂര്യവൻശിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിൽ ത്രിരാഷ്ട്ര പരമ്പര ഫൈനലിൽ ശ്രീലങ്ക എ ടീമിനെ തകർത്ത് ഇന്ത്യ എ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 377 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക എ 311 നു ഓൾഔട്ട് ആയി.
വനുജ സഹാൻ (69 പന്തിൽ 62), സദീര സമരവിക്രമ (44 പന്തിൽ 52), സഹാൻ അരച്ഛിഗെ (40 പന്തിൽ 38) എന്നിവർ ശ്രീലങ്കയ്ക്കായി പൊരുതി നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. ഇന്ത്യക്കായി യാഷ് താക്കൂറും വിപ്രാജ് നിഗവും മൂന്ന് വീതം വിക്കറ്റുകൾ നേടി. അനുകുൽ റോയ് രണ്ട് വിക്കറ്റ് വീഴ്ത്തി. തിലക് വർമയ്ക്കും അശോക് ശർമയ്ക്കും ഓരോ വിക്കറ്റ്.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ സ്‌കോർ ഒരു ഘട്ടത്തിൽ 450 കടന്നേക്കുമെന്ന് പോലും തോന്നിയതാണ്. വെറും 29 പന്തുകളിൽ 10 ഫോറും എട്ട് സിക്‌സും സഹിതം 324.14 സ്‌ട്രൈക് റേറ്റിൽ 94 റൺസുമായി വൈഭവ് ആളികത്തി. 11 പന്തിലാണ് വൈഭവിന്റെ അർധ സെഞ്ചുറി. നായകൻ തിലക് വർമ (90 പന്തിൽ 67), ഋതുരാജ് ഗെയ്ക്വാദ് (51 പന്തിൽ 40), അനുകുൽ റോയ് (15 പന്തിൽ 39), കുമാർ കുശാഗ്ര (39 പന്തിൽ 36) എന്നിവരും തിളങ്ങി. വൈഭവാണ് കളിയിലെ താരം.