സൂപ്പർ ഓവറിലെ അവിസ്മരണീയ വിജയവുമായി ന്യൂസിലൻഡ് മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ. നിശ്ചിത ഓവറിൽ സമനിലയിലായതിനെ തുടർന്ന് സൂപ്പർ ഓവർ വരെ നീണ്ട് നിന്ന മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 18 റൺസ് എന്ന വിജയലക്ഷ്യമാണ് ഇന്ത്യ അവസാന ഓവറിൽ മറികടന്നത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണെടുത്തത്. ഓപ്പണർമാരായ രോഹിത്തും രാഹുലും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്കായി നൽകിയത്. മത്സരത്തിൽ 179 പിന്തുടർന്ന് വന്ന ന്യൂസിലൻഡിന് അവസാന ഓവറിൽ സ്വന്തമാക്കേണ്ടിയിരുന്നത് 9 റൺസ്. മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറിൽ കെ എൽ രാഹുലിന് ക്യാച്ച് നൽകി മത്സരത്തിൽ ന്യൂസിലൻഡിനായി ഒറ്റയാൾ പോരാട്ടം നയിച്ച നായകൻ കെയ്‌ൻ വില്യംസൺ പുറത്തായതോടെയാണ് ഇന്ത്യക്ക് മത്സരത്തിൽ പ്രതീക്ഷകൾ വന്നത്.
48 പന്തിൽ 95 റൺസ് നേടിയ വില്യംസൺ പുറത്തായതിന് ശേഷം ക്രീസിലെത്തിയ ടിം സെയ്‌ഫേര്‍ട്ട് നാലാം പന്ത് മിസ്സ് ആക്കിയപ്പോള്‍ അഞ്ചാം പന്തില്‍ സിംഗിളെടുത്ത് റോസ് ടെയ്‌ലർക്ക് സ്ട്രൈക്ക് കൈമാറി ഇതോടെ ആറാം പന്തില്‍ ന്യൂസീലന്‍ഡിന് വിജയിക്കാന്‍ ഒരൊറ്റ റണ്‍ എന്ന നിലയിലായി. എന്നാല്‍ ക്രിസീലുണ്ടായിരുന്ന ടെയ്‌ലറെ മുഹമ്മദ് ഷമി പുറത്താക്കിയതോടെയാണ് മാച്ച് ആവേശോജ്ജ്വലമായ സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.
ന്യൂസീലന്‍ഡിനായി കെയ്ന്‍ വില്ല്യംസണും മാര്‍ട്ടിന്‍ ഗപ്റ്റിലുമാണ് സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനിറങ്ങിയത്. റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിക്കുന്ന ഇന്ത്യൻ ബൗളിങ് താരമായ ജസ്‌പ്രീത് ബുമ്രയാണ് ഇന്ത്യക്കായി സൂപ്പർ ഓവർ എറിയുവാനായി എത്തിയത്. എന്നാൽ ഇരുവരും ചേർന്ന് 17 റൺസ് സൂപ്പർ ഓവറിൽ അടിച്ചെടുത്തു.
സൂപ്പര്‍ ഓവറില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 18 റണ്‍സ് വിജയലക്ഷ്യം ഭേദിക്കുവാനായി ഇന്ത്യയുടെ ഓപ്പണിങ് ജോഡിയെ തന്നെയാണ് നായകൻ കോലി നിയോഗിച്ചത്. ടിം സൗത്തി ആയിരുന്നു കിവീസ് ബൗളർ. ആദ്യ നാല് പന്തുകളിൽ ഇന്ത്യ ഇടറിയപ്പോൾ അവസാന 2 പന്തിൽ ഇന്ത്യക്ക് ജയിക്കാനായി വേണ്ടിയിരുന്നത് 10 റൺസ് ഇന്ത്യയുടെ സ്വന്തം ഹിറ്റ്‌മാൻ രോഹിത് ശർമ്മ ക്രീസിൽ അഞ്ചും ആറും പന്തുകൾ അതിർത്തി കടത്തി സ്വപ്നതുല്യമായ വിജയം ഇന്ത്യ ഹിറ്റ്‌മാന്റെ കരുത്തിൽ സ്വന്തമാക്കി.
വിജയത്തോടെ ന്യൂസിലൻഡിൽ ആദ്യമായി ടി20 പരമ്പര സ്വന്തമാക്കുക എന്ന ചരിത്രനേട്ടവും ടീം ഇന്ത്യ സ്വന്തമാക്കി. വെള്ളിയാഴ്ച്ചയാണ് ഇന്ത്യ ന്യൂസിലൻഡ് ടി20 പരമ്പരയിലെ നാലാമത് മത്സരം.