Publish Date: Sun, 30 Oct 2022 (09:59 IST)
Updated Date: Sun, 30 Oct 2022 (10:07 IST)
ശ്രീലങ്കക്കെതിരായ മത്സരത്തിൽ ആദ്യ വിക്കറ്റുകൾ നഷ്ടമായി തകർന്ന് നിന്ന ന്യൂസിലൻഡിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത് ഗ്ലെൻ ഫിലിപ്ദിൻ്റെ സെഞ്ചുറി പ്രകടനമായിരുന്നു. മൂന്നിന് 15 എന്ന നിലയിൽ ക്രീസിലെത്തിയ താരം 64 പന്തിൽ നിന്നും 104 റൺസാണ് നേടിയത്. സെഞ്ചുറി പ്രകടനത്തോടെ ചില അപൂർവ നേട്ടങ്ങൾ കൂടി തൻ്റെ പേരിലാക്കിയിരിക്കുകയാണ് താരം.
ടി20 ക്രിക്കറ്റിൽ നാലാം നമ്പറിലോ അതിന് ശേഷമോ ക്രീസിലെത്തി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഫിലിപ്സ് സ്വന്തമാക്കിയത്. അതോടൊപ്പം ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ കിവീസ് താരമെന്ന നേട്ടവും ഫിലിപ്സ് സ്വന്തമാക്കി. 2012ൽ ബംഗ്ലാദേശിനെതിരെ മുൻ നായകൻ ബ്രണ്ടൻ മക്കല്ലം സെഞ്ചുറി നേടിയിരുന്നു.
ടി20 ലോകകപ്പിൽ ഒരു ന്യൂസിലൻഡ് താരത്തിൻ്റെ ഉയർന്ന സ്കോറും മക്കല്ലത്തിൻ്റെ പേരിലാണ്. ഗ്ലെൻ ഫിലിപ്സ് രണ്ടാമതുള്ള പട്ടികയിൽ ടി20 ലോകകപ്പിൽ 93 റൺസ് നേടിയിട്ടുള്ള മാർട്ടിൻ ഗുപ്റ്റിലാണ് മൂന്നാം സ്ഥാനത്ത്.