'തല കൊണ്ടുള്ള ഇടി'; ഇന്ത്യൻ താരം ജയ്‌സ്വാളിന് വിലക്കോ?
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിലാണ് വിവാദ സംഭവം
Publish Date: Mon, 24 Aug 2026 (07:51 IST)
Updated Date: Mon, 24 Aug 2026 (07:56 IST)
ശ്രീലങ്കൻ താരത്തെ കളിക്കളത്തിൽ വെച്ച് ശാരീരികമായി മർദ്ദിക്കാൻ ശ്രമിച്ച ഗുരുതര ആരോപണത്തിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് പണിവരുന്നു. ശ്രീലങ്കയുടെ പേസർ അസിത ഫെർണാണ്ടോയെ തലകൊണ്ട് ഇടിക്കാൻ ശ്രമിച്ചതാണ് ജയ്‌സ്വാളിനെതിരായ നടപടിയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.
സംഭവിച്ചത്
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിലാണ് വിവാദ സംഭവം. 17-ാം ഓവറിലെ അവസാന പന്തിൽ അസിത ഫെർണാണ്ടോ ജയ്‌സ്വാളിനെ ബൗൾഡാക്കി. തുടർന്ന് ഇരു താരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ജയ്‌സ്വാൾ ഹെൽമറ്റ് കൊണ്ട് ഫെർണാണ്ടോയെ ഇടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഔട്ടായ ശേഷം ജയ്‌സ്വാൾ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ആ സമയത്താണ് ഫെർണാണ്ടോയുടെ സ്ലെഡ്ജിങ്ങിൽ പ്രകോപികനായി ജയ്‌സ്വാൾ തിരിച്ച് ക്രീസിലേക്ക് നടന്നത്. ഇരുതാരങ്ങളും തലകൊണ്ട് പരസ്പരം ഇടിക്കുന്ന നിലയിലേക്ക് വരെ എത്തി. സഹതാരം ദേവ്ദത്ത് പടിക്കലും മറ്റ് ശ്രീലങ്കൻ താരങ്ങളും ഫെർണാണ്ടോയെയും ജയ്‌സ്വാളിനെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ജയ്‌സ്വാളിന്റെ രാജ്യാന്തര കരിയറിന് പണിയാകുമോ എന്നതാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. എംസിസി പെരുമാറ്റച്ചട്ടം അനുസരിച്ച് അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. പെരുമാറ്റച്ചട്ടം ലെവൽ നാല് ലംഘിച്ചതായി കണ്ടെത്തിയാൽ രാജ്യാന്തര കരിയർ തന്നെ ചോദ്യനിഴലിൽ ആകും. അല്ലെങ്കിൽ താരത്തിന് അഞ്ച് ടെസ്റ്റ് മത്സരങ്ങളോ പത്ത് ഏകദിനങ്ങളോ നഷ്ടമായേക്കും.