IFFK 2024: ഐ.എഫ്.എഫ്.കെയില്‍ മുതിര്‍ന്ന നടിമാര്‍ക്ക് ആദരം; 'മറക്കില്ലൊരിക്കലും' ഞായറാഴ്ച
ഇത്തവണ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി മലയാളത്തിലെ മുതിര്‍ന്ന നടിമാരെ ആദരിക്കും
Publish Date: Tue, 10 Dec 2024 (15:35 IST)
Updated Date: Tue, 10 Dec 2024 (15:44 IST)
IFFK 2024: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-മത് ഐ.എഫ്.എഫ്.കെ 2024 ഡിസംബര്‍ 13 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പത്രസമ്മേളനത്തിന്‍ അറിയിച്ചു. ഹോങ്കോങ്ങില്‍ നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ചടങ്ങില്‍ സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്.
ഇത്തവണ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി മലയാളത്തിലെ മുതിര്‍ന്ന നടിമാരെ ആദരിക്കും. മലയാള സിനിമയുടെ ശൈശവദശ മുതല്‍ എണ്‍പതുകളുടെ തുടക്കംവരെ തിരശ്ശീലയില്‍ തിളങ്ങിയ മുതിര്‍ന്ന നടിമാരെ സാംസ്‌കാരിക വകുപ്പു മന്ത്രി ആദരിക്കുന്ന 'മറക്കില്ലൊരിക്കലും' എന്ന ചടങ്ങ് ഡിസംബര്‍ 15 ഞായറാഴ്ച വൈകിട്ട് 6.30ന് മാനവീയം വീഥിയില്‍ നടക്കും.
കെ.ആര്‍.വിജയ, ടി.ആര്‍.ഓമന, വിധുബാല, ഭവാനി (ലിസ), ശോഭ (ചെമ്പരത്തി), ഹേമ ചൗധരി, കനകദുര്‍ഗ, റീന, ശാന്തികൃഷ്ണ, ശ്രീലത നമ്പൂതിരി, സുരേഖ, ജലജ, മേനക, അനുപമ മോഹന്‍, ശാന്തകുമാരി, മല്ലിക സുകുമാരന്‍, സച്ചു (സരസ്വതി), ഉഷാ കുമാരി, വിനോദിനി, രാജശ്രീ (ഗ്രേസി), വഞ്ചിയൂര്‍ രാധ, വനിത കൃഷ്ണചന്ദ്രന്‍ എന്നിവരെയാണ് ആദരിക്കുന്നത്.
ചലച്ചിത്ര കലയിലെ സ്ത്രീസാന്നിധ്യത്തിന് ഈ വര്‍ഷത്തെ മേള നല്‍കുന്ന പ്രാമുഖ്യത്തിന്റെ അടയാളം കൂടിയാണിത്. തുടര്‍ന്ന് ഇവരുടെ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള സംഗീതപരിപാടിയും ഉണ്ടായിരിക്കും.