നടന്‍ നിയാസ് ബക്കറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വിവാദകേന്ദ്രം. തന്‍റെ മകളെ കൂട്ടുകാരികള്‍ക്കൊപ്പം സിനിമയ്ക്ക് വിടാനാവില്ല എന്ന നിയാസിന്‍റെ പ്രതികരണമാണ് വലിയ ചര്‍ച്ചാവിഷയവും വിവാദവുമായിരിക്കുന്നത്. കൈരളി ടിവിയിലെ ജെ ബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് നിയാസ് ബക്കര്‍ ഇങ്ങനെയൊരു പ്രതികരണം നടത്തിയത്. അത് വലിയ വിവാദമായപ്പോള്‍ ഇപ്പോള്‍ ഫേസ്ബുക്കിലൂടെ തന്നെ അതിനൊരു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നിയാസ് ബക്കര്‍.
ഈ വിവാദത്തേപ്പറ്റി നിയാസ് ബക്കറിന്‍റെ പ്രതികരണം ഇങ്ങനെയാണ്:
കുറച്ചുദിവസം മുമ്പ് ഞാന്‍ കൈരളി ടിവിയിലെ ജെ ബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതില്‍ എന്‍റെ മകള്‍ എന്നോടൊരു ചോദ്യം ചോദിക്കുകയും ഞാന്‍ അതിന് ഉത്തരം പറയുകയും ചെയ്തത് വലിയൊരു വിവാദമായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. എന്‍റെ മകളെ അവളുടെ കൂട്ടുകാരികള്‍ക്കൊപ്പം സിനിമയ്ക്ക് വിടാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു ചോദ്യം. ഞാന്‍ അതിന് കൃത്യമായ ഉത്തരം നല്‍കുകയും ചെയ്തു. ഞാന്‍ ഒരു കലാകാരനാണെങ്കിലും എന്‍റെ കുടുംബം ഒരു ഓര്‍ത്തഡോക്സ് കുടുംബമാണ്. രക്ഷിതാക്കള്‍ ആരുമില്ലാതെ പെണ്‍കുട്ടികള്‍ മാത്രമായി തിയേറ്ററില്‍ പോയി സിനിമ കാണുന്നത് ഇഷ്ടപ്പെടുന്ന ഒരു കുടുംബമല്ല എന്‍റേത്.
ഞാനും എന്‍റെ പിതാവും എന്‍റെ അനുജനുമെല്ലാം സിനിമാ മേഖലയില്‍ ഉള്ളവരാണ്. എല്ലാ സിനിമകളും കുടുംബത്തോടൊപ്പം തിയേറ്ററില്‍ പോയി ഞങ്ങള്‍ കാണാറുണ്ട്. അതിന് ശേഷം വീണ്ടും കൂട്ടുകാരികള്‍ക്കൊപ്പം പോകണം എന്ന് പറയുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ എനിക്ക് കഴിയില്ല. എന്‍റെ ഫാമിലിക്ക് അത് ഇഷ്ടമല്ല എന്നതാണ് കാരണം. എന്‍റെ ഉമ്മയെയാണ് അക്കാര്യത്തില്‍ ഞാന്‍ ഏറ്റവും ഭയപ്പെടുന്നത്.
എന്‍റെ മകളെ സിനിമയ്ക്ക് വിടുന്നോ ഇല്ലയോ എന്ന കാര്യം എന്‍റെ സ്വകാര്യതയാണ്. അത് വലിയ വാര്‍ത്തയാക്കേണ്ട കാര്യമല്ല. പത്രമോ ടി വി ചാനലോ പോലെ വലിയ വാര്‍ത്താമാധ്യമം തന്നെയാണ് സോഷ്യല്‍ മീഡിയ. ഒരു നടന്‍ അയാളുടെ മകളെ സിനിമയ്ക്ക് വിടുന്നോ ഇല്ലയോ എന്നതൊക്കെ വാര്‍ത്തയാക്കി സൃഷ്ടിച്ച് ആളുകളുടെ ചിന്തയെ മലിനപ്പെടുത്തുന്നത് അത്ര നല്ല കാര്യമല്ല. അത് വളരെ മോശമായ കാര്യമാണ്.
നമ്മുടെ നാട്ടില്‍ വളരെ പ്രാധാന്യമുള്ള ഒട്ടേറെ വിഷയങ്ങള്‍ നടക്കുന്ന കാലമാണിത്. ഒരു പട്ടിണിപ്പാവത്തിനെ ഭക്ഷണം മോഷ്ടിച്ചതിന് തല്ലിക്കൊന്ന കാലമാണിത്. ആതുരരംഗത്തും വിദ്യാഭ്യാസ രംഗത്തുമൊക്കെ ഏറെ ചൂഷണങ്ങള്‍ നടക്കുന്ന സമയം. അതൊക്കെ മറന്നിട്ട് ബാലിശമായ കാര്യങ്ങള്‍ വാര്‍ത്തയാക്കി സോഷ്യല്‍ മീഡിയ നോക്കുന്നവരുടെ ചിന്തയെ മലിനമാക്കുന്നത് തെറ്റാണ്.
വളരെ വിലപ്പെട്ട നല്ല വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനും സമൂഹത്തില്‍ വലിയ മാറ്റം സൃഷ്ടിക്കാനും സോഷ്യല്‍ മീഡിയയ്ക്ക് കഴിയും.