വാഹനാപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്‌മിയുടെയും ചികിത്സയ്ക്കായി എയിംസിൽ നിന്നും വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ എത്തിക്കാൻ സംസ്ഥാന സർക്കാർ നീക്കം.
ലക്ഷ്മി കണ്ണ് തുറന്നെങ്കിലും ആരോഗ്യനിലയിൽ വലിയ മാറ്റമൊന്നും കാണാൻ കഴിയുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ബാലഭാസ്കറിന്റെ ആരോഗ്യനിലയിലും മാറ്റമില്ല. നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്കു ശേഷം ബാലഭാസ്കർ വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. ഇതിനിടെ ലക്ഷ്മിക്കു ഇന്നലെ രാത്രി ഒരു ശസ്ത്രക്രിയ കൂടി നടത്തിയിരുന്നു.
ഇടയ്ക്ക് കണ്ണ് തുറന്നപ്പോൾ ലക്ഷ്മി മകൾ തേജ്വസിനിയെ കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ, ഇരുവരേയും അറിയിക്കാതെ മകളുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. വട്ടിയൂർക്കാവ് തിട്ടമംഗലത്തുള്ള ലക്ഷ്മിയുടെ കുടുംബവീട്ടുവളപ്പിലാണ് ശവസംസ്കാരച്ചടങ്ങു നടന്നത്.
ബാലഭാസ്‌ക്കറിനെയും ലക്ഷ്‌മിയേയും കാണിച്ചതിന് ശേഷം മാത്രമേ തേജ്വസിനിയുടെ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ എന്ന് കുടുംബക്കാർ ആദ്യം പറഞ്ഞിരുന്നെങ്കിലും ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരമാണ് വ്യാഴാഴ്‌ചതന്നെ സംസ്‌കാരം നടത്തിയത്. ബുധനാഴ്‌ച പോസ്‌റ്റുമോർട്ടം ചെയ്‌ത മൃതദേഹം എംബാം ചെയ്‌ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.