കൃഷ്‌ണന്റെ വീട്ടിൽ ആയുധങ്ങളുടെ ശേഖരം; കൊലയ്‌ക്ക് ഉപയോഗിച്ചത് വീട്ടിൽതന്നെയുള്ള ആയുധങ്ങൾ
കൃഷ്‌ണന്റെ വീട്ടിൽ ആയുധങ്ങളുടെ ശേഖരം; കൊലയ്‌ക്ക് ഉപയോഗിച്ചത് വീട്ടിൽതന്നെയുള്ള ആയുധങ്ങൾ
തൊടുപുഴയിൽ കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടിലെ ഓരോ മുറിയിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. പലതരം ചുറ്റികകൾ, കഠാരകൾ, ഇരുമ്പു വടി തുടങ്ങിയവയാണ് മുറികളിൽനിന്ന് കണ്ടെത്തിയത്. ഇതുകൊണ്ടുതന്നെ കൃഷ്ണൻ ആക്രമണം ഭയന്നിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു.
കൃഷ്ണൻ സ്ഥിരമായി ആയുധങ്ങൾ പണിയിച്ചിരുന്നു. സ്ഥിരമായി അരയിൽ കഠാര സൂക്ഷിച്ചിരുന്നു. കൃഷ്‌ണന് ആയുധങ്ങൾ പണിതുകൊടുത്തയാളെ പൊലീസ് രണ്ടുതവണ ചോദ്യം ചെയ്‌തു.
85–95 കിലോ തൂക്കവും ഒത്ത ശരീരവും ശക്തിയുമുള്ള കൃഷ്ണനെ, രണ്ടോ മൂന്നോ പേർ വിചാരിച്ചാലും കീഴ്പ്പെടുത്താനാവില്ലെന്നു പൊലീസ് പറയുന്നു. കൃഷ്‌ണൻ ആളുകളെ പറ്റിച്ച് അവരുടെ ആടിനെയും പശുവിനെയുമൊക്കെ സ്വന്തം വീട്ടിൽ കൊണ്ടുവരികയും തുടർന്ന് വിലപ്പന നടത്തുകയും ചെയ്‌തിരുന്നതായും പൊലീസ് പറയുന്നു.
ഇതിനകം തന്നെ കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. കൃഷ്ണനുമായി അടുത്തുപരിചയമുള്ളവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള രണ്ടുപേരിൽ ഒരാൾ നെടുംകണ്ടം സ്വദേശിയാണ്. ഇയാൾക്ക് സ്ഥലവിൽപ്പനയുമായി ബന്ധപ്പെട്ടു കൊല്ലപ്പെട്ട കൃഷ്ണനുമായി തർക്കമുണ്ടെന്നും പൊലീസിനു സൂചനയുണ്ട്. 15 പേരെ ചോദ്യം ചെയ്തതിൽനിന്നു സംശയം തോന്നിയവരെയാണു കസ്റ്റഡിയിൽ എടുത്തത്.
മോഷണ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ വാദം. കൂടുതൽ വിവരങ്ങൾക്കായി സംഭവ സ്ഥലത്തിനു സമീപമുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. കൊല്ലപ്പെട്ട നാലു പേരുടെയും ഫോൺ വിവരങ്ങൾ പൊലീസ് പരിശോധിച്ചു. കൊലപാതകത്തിനു പിന്നിൽ പ്രഫഷണൽ കൊലപാതകികൾ അല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.