ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ പൊലീസ് ഉടൻ ജലന്തറിലേക്ക്; കർദിനാളിന്റെ മൊഴിയെടുക്കും
ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ പൊലീസ് ഉടൻ ജലന്തറിലേക്ക്; കർദിനാളിന്റെ മൊഴിയെടുക്കും
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി നാലംഗ അന്വേഷണ സംഘം അടുത്ത ദിവസം ജലന്തറിലേക്കു പോകും. വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിൽ വനിതാ സിവിൽ പൊലീസ് ഓഫിസർമാർ അടക്കമുള്ള സംഘമാണ് ജലന്തറിലേക്ക് പോകുന്നത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ കണ്ട് അന്വേഷണം സംബന്ധിച്ചു ചർച്ച നടത്തി.
കന്യാസ്ത്രീയുടെ പരാതിയിൽ തെളിവെടുപ്പു പൂർത്തിയായ സാഹചര്യത്തിൽ ബിഷപ്പിനെ ജലന്തറിലെത്തി ചോദ്യം ചെയ്യാൻ ഡിജിപിയുടെ അനുമതി ലഭിച്ചുവെന്നാണ് അറിവ്. ജലന്തറിലേക്കു പോകുന്നതിനു മുൻപ് അന്വേഷണ സംഘം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴി എടുക്കും.
കഴിഞ്ഞ ദിവസം ബിഷപ്പില്‍നിന്ന് ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് കന്യാസ്ത്രീ പറയുകയും ഇക്കാര്യം കര്‍ദിനാളിനെ അറിയിക്കണെമെന്നും പറഞ്ഞതായാണ് പാലാ ബിഷപ്പ് പൊലീസിന് മൊഴി നൽകിയിരുന്നു.
ജലന്തർ രൂപതയുടെ കീഴിലുള്ള മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സമൂഹത്തിൽനിന്നു വിട്ടു പോയ മൂന്നു മുൻ കന്യാസ്ത്രീകളെയും അന്വേഷണ സംഘം കണ്ടു മൊഴിയെടുത്തു. പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം സേവനം അനുഷ്ഠിച്ച 18 കന്യാസ്ത്രീകളാണ് കോൺവന്റ് വിട്ടുപോയതെന്നും പൊലീസ് കണ്ടെത്തി.