Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചതികളുടെയും സങ്കടങ്ങളുടെയും തുറന്നെഴുത്ത് - ഷക്കീലയെക്കുറിച്ചുള്ള സലിം കുമാറിന്റെ കുറിപ്പ് വൈറലാകുന്നു

ചതികളുടെയും സങ്കടങ്ങളുടെയും തുറന്നെഴുത്ത് - ഷക്കീലയെക്കുറിച്ചുള്ള സലിം കുമാറിന്റെ കുറിപ്പ് വൈറലാകുന്നു
, തിങ്കള്‍, 21 ജനുവരി 2019 (09:40 IST)
ഷക്കീലയുടെ ജീവിതകഥ വീണ്ടും ചർച്ചയാകുന്നു. നടൻ സലീം കുമാർ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആളുകൾ വീണ്ടും ആത്മകഥ ചർച്ചയാക്കിയിരിക്കുന്നത്. ജീവിതത്തിൽ അവർക്ക് നേരിട്ട ചതികളുടെയും സങ്കടങ്ങളുടെയും തുറന്നെഴുത്താണ് ഈ അത്മകഥയെന്ന് കുറിപ്പ് പറയുന്നു.
 
ഫേസ്‌ബുക്ക് പോസ്‌‌റ്റ് വായിക്കാം:-
 
''കൗമാരക്കാരനെപ്പോലെ എഴുപത് വയസ്സുകാരനും എന്നെ നോക്കുക സെക്സിലൂടെയായിരിക്കും.എന്‍െ ശരീരത്തിന്‍റെ എല്ലായിടങ്ങളിലും അവരുടെ മലിനമായ കണ്ണുകള്‍ കുത്തിയിറക്കി പരതുമെന്നുറപ്പാണ്.എനിക്കതിലൊന്നും പ്രശ്നമില്ല.കാരണം ഞാന്‍ അറിയപ്പെട്ടത് അത്തരം സിനിമകളിലൂടെയാണ്.എന്‍റെ അഭിനയമല്ല ശരീരമാണ് അവര്‍ കാണാന്‍ വരുന്നത്''.
ഷക്കീല.
 
''ഷക്കീല'' എന്‍റെയും എന്നെപ്പോലെയുള്ള ഒരു തലമുറയുടെയും കൗമാര യൗവ്വന മനസ്സുകളുടെ രാത്രികളില്‍ നിറമുള്ള കിനാക്കള്‍ നല്കി സംമ്പുഷ്ടമാക്കിയവള്‍. കൗമാരകാല ഘട്ടത്തില്‍ ഷക്കീലയുടേ ഇറക്കിവെട്ടിയ ബ്ലൗസിന്‍റെയും മാടിക്കുത്തിയ മുണ്ടിന്‍റെയും നിറമാര്‍ന്ന ചിത്രങ്ങള്‍ ആദ്യം ചുവരിരിലെ സിനിമ പോസ്റ്ററുകളില്‍ ഒളികണ്ണിട്ട് നോക്കിയും പിന്നീട് കുറച്ചൂടെ ധൈര്യമായപ്പോള്‍ ആരും കാണാതെ തിയറ്ററിലെ അരണ്ട വെളിച്ചത്തില്‍ കിന്നാരത്തുമ്പിയും മറ്റു സിനിമകളും കണ്ടപ്പോഴും കാമ മോഹിനിയായ ഒരു യുവതി എന്നതിലപ്പുറം അവരെ കണ്ടിരുന്നില്ല ഈ പുസ്തകം വായിക്കും വരെ. ഷക്കീലയുടെ ആത്മ കഥ രണ്ടുമാസം മുമ്പാണ് കൈയ്യിലെത്തിയത് എര്‍ണാകുളത്തേയ്ക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയില്‍ വായിക്കാനായി കൈയ്യില്‍ എടുത്തപ്പോള്‍ തന്നെ കണ്ടു സഹയാത്രികരുടെ മുഖത്തെ പുശ്ചച്ചിരിയും അര്‍ത്ഥം വച്ചുള്ള നോട്ടവും.ഷക്കീല എന്നും കാമത്തിന്‍റെയും കപട സദാചാരത്തിന്‍റെയും പ്രതീകമായിരുന്നല്ലോ മലയാളിക്ക്.
 
തന്‍റെ പതിനാറാം വയസ്സില്‍ ജന്മം നല്കിയ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാരെ പട്ടിണിയില്‍ നിന്ന് രക്ഷിക്കുവാന്‍ ശരീരം വിറ്റ് തുടങ്ങിയ ജീവിതം പിന്നീട് വെളളിത്തിരയില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന നടിയിലേക്ക് എത്തിയ യാത്രയും, സിനിമക്കും ജീവിതത്തിനുമിടയില്‍ താന്‍ വെറുമൊരു പെണ്‍ ശരീരം മാത്രമായി ചുരുങ്ങി പോയെന്ന തിരിച്ചറിവും ജീവിത്തിലുണ്ടായ ചതിയുടെയും ദുരന്തത്തിന്‍റെയും കഥയും തന്റെ ശരീരത്തെ മനസ്സുകൊണ്ടുപോലും കാമിച്ച പ്രേക്ഷകരരോട് തനിക്ക് ഒരു ഹൃദയവും ജീവിതവും അനേകം അവസ്ഥകളുമുണ്ടെന്നും ധീരമായി വെളിവക്കുകയാണ് ഷക്കീല ഈ ആത്മകഥയില്‍
 
1973 നവംബറ് 19 ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ഷക്കീല ജനിച്ചത്. തിരിച്ചറിവില്ലാത്ത കാലം മുതല്‍ താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിരുന്നതായി ഷക്കീല പറയുന്നു.
സുന്ദരിയായിപ്പോയി എന്ന കാരണത്താല്‍ അധ്യാപകര്‍ വരെ തന്നെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് അവര്‍ വേദനയോടെ പറയുന്നു. ഷക്കീലയെന്ന നാടന്‍ പെണ്‍കുട്ടിയുടെ തകര്‍ച്ചയ്ക്ക് ആദ്യ കാരണം പതിനാറാം വയസ്സില്‍ കൂട്ടിക്കൊടുത്ത അവളുടെ മാതാവായിരുന്നെങ്കില്‍ പിന്നെയത് സഹോദരങ്ങളും കൂടിയായിരുന്നു. വീട്ടുകാര്‍ക്ക് താന്‍ പണം കായ്ക്കുന്ന മരം അല്ലെങ്കില്‍ എപ്പോള്‍ കുത്തിയാലും പണം ലഭിക്കുന്ന ഒരു എറ്റിഎം മെഷീന്‍ മാത്രമായിരുന്നു യന്ത്രമായിരുന്നുവെന്ന് അവള്‍ പറയുന്നു. ആരും എന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ തിരക്കുള്ള സമയത്തുപോലും അഭിനയിക്കുക എന്നതില്‍ക്കവിഞ്ഞ് താന്‍ പ്രതിഫലത്തെക്കുറിച്ചു പോലും ചിന്തിച്ചില്ലെന്ന് ഷക്കീല വേദനയോടെ ഓര്‍ക്കുന്നു. കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏല്‍പ്പിച്ചു.അമ്മ പണം ചേച്ചിയെയും അവര്‍ പണമെല്ലാം സ്വന്തം അക്കൗണ്ടിലേയ്ക്കാണ് നിക്ഷേപിച്ചത്.ചേച്ചി ഇപ്പോള്‍ കോടീശ്വരിയാണ്. ഞാന്‍ അന്നന്നത്തെ അപ്പത്തിനുവേണ്ടി അധ്വാനിക്കുന്ന നിത്യ ദരിദ്രയും. എനിക്ക് ആയിരം രൂപ പോലും സമ്പാദ്യമായിട്ടില്ല ക്രൂരമായ അവഗണനയുടെ ഇരയാണ് താനെന്ന് ഷക്കീല ആത്മകഥയില്‍ കോറിയിടുന്നു.
 
കുടുംബത്തിലുള്ളവര്‍ക്കെല്ലാം ഞാന്‍ അഭിനയിച്ചുണ്ടാക്കിയ കാശ് മാത്രം മതിയായിരുന്നു.അതേ സമയം എന്റെ സാന്നിധ്യം അരോചകവും. ചേച്ചിയുടെ മകളെ താന്‍ സ്വന്തം മകളെപ്പോലെ കരുതി സ്നേഹിച്ചു എന്നാല്‍ അവളുടെ കല്യാണംപോലും എന്നെ അറിയിക്കാതെ ''മംഗള കര്‍മങ്ങളില്‍ നിന്നെപ്പോലൊരു സെക്‌സ് നടി അപശകുനമാണെന്ന''ചേച്ചി മുഖത്തുനോക്കി പറഞ്ഞെന്ന് ഷക്കീല പങ്ക് വയ്ക്കുമ്പോള്‍ നമ്മുടെ ഉള്ളവും ഒന്ന് പൊള്ളും. കുടുംബത്തിലെ ആര്‍ക്കെങ്കിലും കുഞ്ഞുങ്ങള്‍ പിറന്നാല്‍ ഞാനോടി ചെല്ലാറുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളുടെ മുഖംപോലും എന്നെ അവര്‍ കാണിക്കാറില്ല. കുറച്ച് ഗ്ലാമര്‍ സിനിമകളില്‍ അഭിനയിച്ചതിന്റെ പേരിലാണ് ഈ അയിത്തം. ഞാനിപ്പോള്‍ കരയാറില്ല. ഈ ജന്മം ഇങ്ങനെയങ്ങ് നരകിച്ചു തീര്‍ക്കുകയാണെന്നും ഷക്കീല പറയുന്നു.
 
ഇരുപത് പേരെയെങ്കിലും താന്‍ പ്രണയിച്ചുവെന്നും വിവാഹം എന്ന ലക്ഷ്യത്തോടെയായിരുന്നു ഞാന്‍ ആ ബന്ധങ്ങള്‍ കണ്ടതെന്നും പക്ഷേ വിധി എല്ലാം മാറ്റി മറിച്ചെന്നും . പ്രണയ ബന്ധങ്ങളെല്ലാം പരാജയമായിത്തീര്‍ന്നെന്നും. ഒരു പുതിയ പ്രണയത്തിനായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുകയാണെന്നും ഷക്കീല പറയുന്നു.ഒറ്റപെട്ടു പോകും എന്ന് സുരക്ഷിത താവളങ്ങളിൽ മറഞ്ഞു പറയുന്നവരുടെയും എന്തെങ്കിലും ഒക്കെ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ തെറി വിളിച്ചും സഹതപിച്ചും പരിഹസിച്ചും നിശബ്ദരാക്കുന്നവരുടെയും ഇടയിൽ ജീവിക്കാനുള്ള ഊര്‍ജ്ജം നിറച്ച് തെറിയും അസഭ്യങ്ങളും മാത്രം കേട്ടു ശീലിച്ച ചതി മാത്രം പരിചയിച്ച ഒരു യുവതി മാനുഷിക പരിഗണന എന്ന മിനിമം കടമയെങ്കിലും തന്നോട് കാണിക്കമെന്ന് പറയാതെ പറയുന്നു ഈ പുസ്തകത്തില്‍.
 
പുസ്തകം - ആത്മകഥ- ഷക്കീല
പ്രസാധനം - ഒലിവ് കോഴിക്കോട് 
വില - 220
കുറിപ്പ് തയ്യാറാക്കിയത് - ജോയിഷ് ജോസ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്‌ആര്‍ടിസി എം പാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും