കെ എസ് ആർ ടി സിയില്‍ നിന്നും പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും. സെക്രട്ടേറിയറ്റിന് മുമ്പിലാണ് സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ചാണ് എം പാനല്‍ ജീവനക്കാര്‍ സമരം നടത്തുന്നത്.
3000ത്തിലേറെ പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സമരക്കാര്‍ അറിയിച്ചിരിക്കുന്നത്. സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ നിയമ പോരാട്ടം തുടരുമ്പോഴും പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ് പിരിച്ചുവിടപ്പെട്ടവരുടെ കൂട്ടായ്മ.
പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുനപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്ക്കാലിക ജീവനക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം 1421 പേര്‍ ജോലിയില്‍ പ്രവേശിച്ചുവെന്നും 71 പേര്‍ സമയം ചോദിച്ചുവെന്നും കെ എസ് ആര്‍ ടി സി കോടതിയെ അറിയിച്ചിരുന്നു.
സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റ് വളയലും ശയനപ്രദക്ഷിണവും നടത്തും. സമരത്തോടും പ്രതിഷേധങ്ങളോടും നിഷേധാത്മക സമീപനമാണ് തൊഴിലാളി യൂണിയനും സര്‍ക്കാരും സ്വീകരിച്ചതെന്ന് പിരിച്ചുവിടപ്പെട്ടവര്‍ പറയുന്നു.