ദുരിതാശ്വാസ ക്യാംപിലെ കുട്ടികള്‍ക്ക് അതിസാരമെന്ന് വ്യാജ പ്രചാരണം; രഞ്ജിനി ജോസിനെതിരെ കേസെടുക്കും
ദുരിതാശ്വാസ ക്യാംപിലെ കുട്ടികള്‍ക്ക് അതിസാരമെന്ന് വ്യാജ പ്രചാരണം; രഞ്ജിനി ജോസിനെതിരെ കേസെടുക്കും
ഗായികയും നടിയുമായ രഞ്ജിനി ജോസിന്റെ ഫേസ്‌ബുക്ക് ലൈവ് വിവാദത്തിലേക്ക്. തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ക്ക് അതിസാരമുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രഞ്ജിനി ലൈവിൽ എത്തിയിരുന്നു.
ക്യാമ്പ് സന്ദര്‍ശനത്തിനു ശേഷമാണ് രഞ്ജിനി വ്യാജ പ്രചാരണവുമായി ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയുമായി എത്തിയത്. കുട്ടികള്‍ക്ക് അതിസാരം പിടിപെട്ടിട്ടുണ്ടെന്നും അതുകൊണ്ട് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ലഭ്യമാക്കണമെന്നുമായിരുന്നു ഗായികയുടെ പ്രചാരണം. ഇത് വ്യാപകമായി പ്രചരിച്ചതോടെ സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും തുടര്‍ന്ന് തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു.
കൊച്ചിയിൽ പ്രവർത്തിക്കുന്ന മികച്ച ക്യാംപുകളിൽ ഒന്നാണിത്. രാത്രിയില്‍ പോലും ഇവിടെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. ഭക്ഷണവും മരുന്നും ആവശ്യത്തിന് ലഭിക്കുന്നുമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെയാണ് ഗായികയുടെ വ്യാജ പ്രചാരണം. ഗായികയുടെ പ്രചാരണം ശ്രദ്ധയില്‍പ്പെട്ട എം. സ്വരാജ് എംഎല്‍എ ക്യാംപിലെത്തിയതിന് ശേഷം ഗായികയ്‌ക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചു.