നിപ്പ: വേണ്ടത് ഭയമല്ല ജാഗ്രതയാണ്
നിപ്പ രണ്ടാംഘട്ടം: ഭയപ്പെടേണ്ടതില്ല, ജാഗ്രത മതി
മാസ്‌ക്ക് ധരിക്കുന്നത് നിപ്പ വൈറസിനെ പൂർണ്ണമായും തടയാൻ വേണ്ടിയല്ല. മറിച്ച് രോഗാണുക്കൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്നത് നിയന്ത്രിക്കാൻ വേണ്ടിയാണ്. എന്നാൽ മാസ്‌ക്ക് ഉപയോഗിക്കുന്നതിലും നമ്മൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്‌റ്റന്റ് പ്രൊഫസർ ഡോക്‌ടർ ശ്രീജിത്ത് പറയുന്നത് ഇങ്ങനെയാണ്, ആൾക്കൂട്ടത്തിൽ തുടർച്ചയായി നിൽക്കേണ്ടിവരുമ്പോഴും രോഗികളുമായി സമ്പർക്കത്തിലേർപ്പെടുമ്പോഴും ആൾത്തിരക്കുള്ള വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും ആശുപത്രിയിൽ രോഗിയെ കാണാൻ പോകുമ്പോഴും മാസ്‌ക്ക് ധരിക്കേണ്ടത് വളരെ പ്രധാനമാണ്.
ഒരു മാസ്‌ക്ക് ആറ് മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കാത്തിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മാസ്‌ക്കുകൾ കൈകൊണ്ട് തൊടുന്നതും നല്ലതല്ല. രോഗികളെ സന്ദർശിച്ചപ്പോൾ ധരിച്ച മാസ്‌ക്ക് ഉടൻ തന്നെ ഒഴിവാക്കാൻ ശ്രമിക്കുക. ഉപയോഗം കഴിഞ്ഞ മാസ്‌ക്കുകൾ സുരക്ഷിതമായി കവറിൽ കെട്ടി കത്തിച്ചുകളയുകയോ ആഴത്തിലുള്ള കുഴികുത്തി അതിൽ നിക്ഷേപിക്കുകയോ ചെയ്യുക.
നിപ്പയുണ്ടെന്ന് സംശയിക്കുന്ന ആളുകൾ മുമ്പ് ഉപയോഗിച്ച കൈയുറകളും മാസ്‌ക്കുകളും മറ്റും അലസമായി ഉപേക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിപ്പ വൈറസിനെതിരെ മരുന്നില്ല. എങ്കിലും മറ്റ് വൈറസുകളെപോലെതന്നെ സ്വയം നിയന്ത്രിത രോഗമാണിത്. അതുകൊണ്ടുതന്നെ നമുക്ക് വേണ്ടത് ജാഗ്രതയാണ് മറിച്ച് ഭയമല്ല.