Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒന്നര വയസുകാരിയെ കൊന്ന് ഒടിച്ച് മടക്കി ബാഗിലാക്കി പള്ളിയിലെത്തിച്ചു, തുറക്കരുതെന്ന മുന്നറിയിപ്പും; 5 കൊലപാതകം നടത്തി കേരളത്തെ ഞെട്ടിച്ച ലൂസി

ഒന്നര വയസുകാരിയെ കൊന്ന് ഒടിച്ച് മടക്കി ബാഗിലാക്കി പള്ളിയിലെത്തിച്ചു, തുറക്കരുതെന്ന മുന്നറിയിപ്പും; 5 കൊലപാതകം നടത്തി കേരളത്തെ ഞെട്ടിച്ച ലൂസി

എസ് ഹർഷ

, വെള്ളി, 11 ഒക്‌ടോബര്‍ 2019 (14:06 IST)
കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുൾ അഴിയുമ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് സമാനമായ കേസുകളാണ്. ജോളിക്കും മുന്നേ കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലയിലെ പ്രതിയായ ലൂസിയെ അധികമാർക്കും അറിയില്ല. 51 വർഷത്തെ പഴക്കമുള്ള കുറ്റകൃത്യത്തിന്റെ കഥകൾ സോഷ്യൽ മീഡിയ ഒരിക്കൽ കൂടെ ചർച്ച ചെയ്യുകയാണ്. 
 
ഭർത്താവിനെയും സ്വന്തം മക്കൾ ഉൾപ്പെടെ നാലു കുട്ടികളെയും മൃഗീയമായി കൊലപ്പെടുത്തിയ, കോളിളക്കമുണ്ടാക്കിയ മാറിക കൂട്ടക്കൊലക്കേസിലെ പ്രതിയാണ് ഇടുക്കിക്കാരിയായ ലൂസി. കേരളത്തിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ആദ്യ വനിതയായിരുന്നു ലൂസി.
 
ഭർത്താവിനോടും അദ്ദേഹത്തിന്റെ ആദ്യഭാര്യയിലുള്ള മക്കളോടുള്ള വൈരാഗ്യവുമായിരുന്നു ലൂസിയെ കൊണ്ട് ആ 5 കൊലപാതകവും ചെയ്യിച്ചത്. സ്ത്രീധനമായി ലഭിച്ച സ്വത്ത് ഭർത്താവും, ഭർതൃസഹോദരനും തട്ടിയെടുക്കാൻ ശ്രമിച്ചതോടെ ഭർത്താവ് ജോസഫിനോടുള്ള ലൂസിയുടെ വൈരാഗ്യം വർധിച്ചു. ലൂസിക്ക് കൂട്ടിന് സഹോദരൻ ജോയിയും ഉണ്ടായിരുന്നു. 
 
മാറിക തടത്തിൽ ജോസഫ്(55), ജോസഫിന്റെ ആദ്യ ഭാര്യയിലെ മക്കളായ ജോസ്(16), ലൂക്കോസ്(11), ജോസഫ്–ലൂസി ദമ്പതികളുടെ മക്കൾ പയസ്(ഏഴ്), ബീന(ഒന്നര) എന്നിവരെയാണ് ലൂസി മഴുകൊണ്ട് അടിച്ചും വെട്ടുകത്തി കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയത്. 1968 ഫെബ്രുവരി 7 നും 9നുമാണ് ലൂസി കൊലപാതകം നടത്തിയത്. 32 വയസായിരുന്നു ലൂസിക്ക് അന്ന്. 
 
എല്ലാവരേയും കൊലപ്പെടുത്തി എല്ലാവരേയും മുറ്റത്തുള്ള വൈക്കോൽ കൂനയിൽ ഒളിപ്പിച്ചു. ജോസഫ് സമീപമുള്ള സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നു. ജോശഫിനെ അന്വേഷിച്ചെത്തിയവരോട് ഇവിടെയില്ലെന്നും മലമ്പുഴയിലേക്ക് യാത്ര പോയെന്നുമായിരുന്നു ലൂസി പറഞ്ഞത്. സംശയം തോന്നിയ നാട്ടുകാർ വീടും പരിസരവും പരിശോധിക്കാൻ രണ്ടാമതും വീട്ടിലെത്തി. അപ്പോഴേക്കും ലൂസി വീട്ടിൽ നിന്നും കടന്നു കളഞ്ഞിരുന്നു.
 
ലൂസി നേരെ പോയത് പള്ളിയിലേക്കായിരുന്നു. ഒന്നരവയസുകാരിയായ മകളുടെ മൃതദേഹം ഒടിച്ച് മടക്കി എയർ ബാഗിലാക്കി പള്ളിയിലെത്തി വികാരിയെ കണ്ടു. മരിച്ചവർക്കായി കുർബാന ചൊല്ലണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി പണവും നൽകി. ബാഗ് പള്ളിയിൽ വെക്കുകയാണെന്നും ഞാൻ പോയിക്കഴിഞ്ഞ ശേഷം മാത്രമേ തുറക്കാവൂ എന്നും ലൂസി പലതവണ അച്ചനോട് പറഞ്ഞു. സംശയം തോന്നിയ വികാരി ലൂസി പള്ളി വിടുന്നതിനു മുന്നേ ബാഗ് തുറന്ന് പരിശോധിച്ചു. 
 
അപ്പോഴാണ് പെൺകുട്ടിയുടെ മൃതദേഹം ഒടിച്ചു മടക്കിയ നിലയിൽ കണ്ടെത്തിയത്. പൗഡറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് വികാരിയച്ചൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസിനെത്തി ലൂസിയെ അറസ്റ്റ് ചെയ്യുകയും കുറ്റം തെളിയിക്കപ്പെടുകയും ചെയ്തു. ഇതോടെ കോടതി ലൂസിക്ക് വധശിക്ഷ വിധിച്ചു. ലൂസിയെ മരണംവരെ തൂക്കിലേറ്റാനായിരുന്നു കോടതി വിധി. അപ്പീലിനെ തുടർന്നു ശിക്ഷ ജീവപര്യന്തമായി കുറച്ചു. ശിക്ഷ കഴിഞ്ഞെത്തിയ ലൂസി പിന്നീടെവിടെക്ക് പോയെന്ന് ഇന്നും ആർക്കുമറിയില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തുകൊണ്ട് മഹാബലിപുരം? മോദിയും ചൈനീസ് പ്രസിഡന്റും ഉച്ചകോടിക്കായി ചെന്നൈ തെരഞ്ഞെടുത്തത് എന്തിന് ?