കെവിൻ കേസിൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകുന്നത് കണ്ടതായി അനീഷിന്റെ അയൽവാസി പിസി ജോസഫിന്റെ മൊഴി. നേരത്തേ കെവിൻ കൊല്ലപ്പെട്ട വിവരം മണിക്കൂറുകൾക്കം പ്രതിയായ ഷാനു തന്നെ ഫോണിൽ വിളിച്ചറിയിച്ചെന്ന് അയൽവാസിയായ ലിജോ മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പി സി ജോസഫിന്റേയും മൊഴി പുറത്തുവന്നിരിക്കുന്നത്.
മാരകായുധങ്ങളുമായി എത്തിയ സംഘം, ആയുധം വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഇരുവരേയും തട്ടികൊണ്ട് പോയത്. കെവിൻ കേസിലെ പ്രതികൾക്കെതിരെ നിർണ്ണായകമായ സാക്ഷിമൊഴിയാണ് പി സി ജോസഫ് കോടതിയിൽ നൽകിയത്.
അനീഷിന്റെ വീടിനു സമീപത്തായാണ് ജോസഫിന്റെ വീട്. പുലർച്ചെ 2.30ന് വീടിനു പുറത്ത് വാഹനങ്ങൾ വന്നു നിർത്തുന്ന ശബ്ദവും, ബഹളവും കേട്ട് വാതിൽ തുറന്നപ്പോൾ, അനീഷിനെയും കെവിനെയും മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം വലിച്ചിഴച്ച് കൊണ്ടു പോകുന്നത് കണ്ടുവെന്നാണ് ജോസഫിന്റെ മൊഴി. ആയുധങ്ങൾ കൈയ്യിൽ ഉണ്ടായിരുന്നതിനാലാണ് പുറത്തേക്കിറങ്ങാതിരുന്നതെന്നും ജോസഫ് വ്യക്തമാക്കി.
പി സി ജോസഫിന്റെ നിർണ്ണായകമായ വെളിപ്പെടുത്തൽ പ്രതികൾക്കെതിരായ ശക്തമായ തെളിവായി മാറിയേക്കും. കേസിലെ നാലാം സാക്ഷിയായ പത്രവിതരണക്കാരന്‍ ജോണ്‍ ജോസഫ് വാഹനത്തിന്റെയും തെരുവുവിളക്കിന്റെയും വെളിച്ചത്തില്‍ അനീഷിന്റെ വീടിനടുത്ത് കുറച്ച് ചെറുപ്പക്കാരെ കണ്ടതായും മൊഴി നൽകി.