മുൻ ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാർഥിയുമായ ഗൗതം ഗംഭീറിനെതിരെ വീണ്ടും കേസ്. അനുവാദമില്ലാതെ രാഷ്‌ട്രീയ റാലി നടത്തിയതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്തത്.
ന്യൂഡല്‍ഹി ജംഗ്പുരയില്‍ ഈ മാസം 25നാണ് ഗംഭീര്‍ മുന്‍കൂര്‍ അനുമതി തേടാതെ റാലി നടത്തിയത്. രണ്ട് തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡുകളുണ്ടെന്ന ആരോപണവും ഗംഭീറിനെതിരെ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ചും കേസ് നടപടികള്‍ തുടരുകയാണ്.
ഈസ്റ്റ് ഡൽഹിൽ നിന്നു ബിജെപി സ്ഥാനാർഥിയായാണ് ഗൗതം ഗംഭീർ മത്സരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നത്. എഎപി സ്ഥാനാർഥി അതിഷിക്കെതിരെയാണ് ഗംഭീറിന്റെ മത്സരം.
രണ്ട് മണ്ഡലങ്ങളിലായി വോട്ടുള്ള കാര്യം സത്യവാങ്മൂലത്തില്‍ മറച്ച് വെച്ച ഗംഭീറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടിയെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും.