വിവാഹം പിന്നെയാണെങ്കിലും ആകാമല്ലോ? ഇപ്പോൾ പ്രധാനം ജനങ്ങളുടെ ജീവനാണ്- നന്നൂരിലെ ഹീറോയായി രാജീവ് പിള്ള
ജനങ്ങളുടെ ജീവനാണ് പ്രധാനം: രാജീവ് പിള്ള
പ്രളയദുരിതത്തിൽ അകപ്പെട്ടവർക്ക് രക്ഷകരായി ഒരുപാട് പേർ അവതരിച്ചിരുന്നു. സൈനികർ, പൊലീസ്, സാധാരണക്കാർ, മത്സ്യത്തൊഴിലാളികൾ, സിനിമാതാരങ്ങൾ തുടങ്ങി കേരള ജനത ഒട്ടാകെ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായിരുന്നു. അതിൽ നടൻ രാജീവ് പിള്ളയുമുണ്ട്.
സ്വന്തം വിവാഹം പോലും മാറ്റിവച്ചാണ് അദ്ദേഹം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. നാല് ദിവസം മുമ്പായിരുന്നു അദ്ദേഹത്തിന്റെ വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ തിരുവല്ലയിലെ സ്വന്തം നാടായ നന്നൂരിലെ ആളുകൾ വെള്ളപ്പൊക്കത്തിൽ പെട്ടതോടെ താരം വിവാഹം മാറ്റിവെയ്ക്കുകയും ജനങ്ങൾക്കൊപ്പം രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയുമായിരുന്നു.
ആർക്കെങ്കിലും ഈ സമയത്ത് സമാധാനത്തോടെ ഉറങ്ങാൻ കഴിയുമോ? ആരായാലും ഇതേ ചെയ്യുകയുള്ളു എന്ന് രാജീവ് പിള്ള പറയുന്നു. ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ, രാജീവിനും കൂട്ടർക്കും സഹായഹസ്തം നൽകുകയുണ്ടായി. ക്യാംപിലേയ്ക്ക് വേണ്ട മരുന്നും മറ്റ് വസ്തുക്കളുമാണ് ഇർഫാൻ കൊടുത്തയച്ചത്. അടുത്തമാസം വിവാഹമുണ്ടാകുമെന്ന് രാജീവ് പറയുന്നു.