കോടികളുടെ ആസ്തിയില്ല, സ്വന്തമായി വീടുമില്ല; എങ്കിലും ദുരിതാശ്വാസനിധിയിലേക്ക് ലക്ഷം സംഭാവന
ജോയ് മാത്യുവിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ
പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് സഹായപ്രവാഹം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാ-സാംസ്ക്കാരിക രംഗത്ത് നിന്നടക്കം വലിയ സംഭാവനകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. തമിഴ്, തെലുഗ് താരങ്ങൾ വരെ കേരളത്തെ സഹായിക്കാനായി മുന്നിട്ടിറങ്ങി.
കോടികളുടെ ആസ്തിയില്ലെങ്കിലും സ്വന്തമായി ഒരു വീടില്ലെങ്കിലും ദുരിതബാധിതർക്ക് വേണ്ടി നടനും സംവിധായകനുമായ ജോയ് മാത്യുവും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ദുരിതക്കയത്തിൽ മുങ്ങിത്താഴുന്ന ഒരു ജനതക്ക് കൈമെയ് മറന്നു സഹായിക്കേണ്ട കടമ അവരുടെയൊക്കെ ചിലവിൽ ജീവിച്ചുപോരുന്ന തനിക്കുണ്ടെന്ന് തോന്നിയതിനാലാണ് സഹായം ചെയ്യുന്നതെന്ന് ജോയ് മാത്യു കുറിച്ചു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അണ്ണാറക്കണ്ണനും തന്നാലായത്. എന്നത് സ്‌കൂളിൽ പഠിച്ച ഒരു പാഠമാണ് .അത് പ്രായോഗികമാക്കേണ്ട സമയം ഇതാണെന്നു തോന്നി.ദുരിതക്കയത്തിൽ മുങ്ങിത്താഴുന്ന ഒരു ജനതക്ക് കൈമെയ് മറന്നു സഹായിക്കേണ്ട കടമ അവരുടെയൊക്കെ ചിലവിൽ ജീവിച്ചുപോരുന്ന എനിക്കുണ്ടെന്ന് തോന്നി .
തന്നാൽ കഴിയുന്നത് ചെയ്യുക എന്ന സന്ദേശം പ്രചരിപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ പോസ്റ്റ് ഇടുന്നത് .അല്ലാതെ ഞാൻ ഇത്ര രൂപ സംഭാവന കൊടുത്തു എന്ന പേരിനോ പ്രശസ്തിക്കോ വേണ്ടി അല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ .
ഒരു കേരളീയൻ എന്ന ഉത്തരവാദിത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്നാൽ കഴിയുന്ന സംഭാവന ചെയ്യേണ്ടത് എന്റെ കടമയാണെന്ന് ഞാനും കുടുംബവും വിശ്വസിക്കുന്നു .കോടികളുടെ ആസ്തിയോ എന്തിനു, ഇപ്പോഴും സ്വന്തമായി ഒരു വീടുപോലും ഇല്ലാത്തവനാണ് ഞാൻ. എങ്കിലും കയറിക്കിടക്കാൻ ഇടമുണ്ട് .
ഇന്ന് അതുപോലും ഇല്ലാത്ത ആയിരക്കണക്കിന് മനുഷ്യർ ,അതിൽ ഭൂരിഭാഗവും നമ്മളെ ഊട്ടുന്ന കൃഷിക്കാർ ,അവർക്ക് വേണ്ടി ഇതെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മറ്റെന്താണ് ചെയ്യാൻ കഴിയുക ? അതിനാൽ എന്റെ കുടുംബം പരസ്പരം സഹകരിച്ച് സമാഹരിച്ച ഒരു ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്തോഷപൂർവ്വം സംഭാവന ചെയ്യുന്നു .
സംഭാവന തന്നവർ
ഞാൻ 50000
ഭാര്യ് സരിത 30000
മകൻ മാത്യു ജോയ് 10000
മകൾ ആൻ എസ്തർ 8000
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ താന്യ മരിയ 2000 (എന്നോട് തന്നെ കടം വാങ്ങിയത് )
അങ്ങിനെ എല്ലാം കൂടി ഒരു ലക്ഷം രൂപ .
അണ്ണാറക്കണ്ണനും തന്നാലാകുന്നത് ഇങ്ങിനെയൊക്കെയല്ലേ ?